ear-tinnitus

ചെന്നൈ: ചെന്നൈ സ്വദേശി വെങ്കട് എന്ന 26കാരന് വർഷങ്ങളായി ഉറങ്ങാനാവുന്നില്ല. കാരണം കേട്ടാൽ ലളിതമാണെന്ന് തോന്നും. ചെവിയിൽ എപ്പോഴും മുഴങ്ങി കേൾക്കുന്ന മണി ശബ്ദമായിരുന്നു കാരണം.

ആദ്യം കരുതിയത് ചെവിയിൽ എന്തെങ്കിലും അകപ്പെട്ടതായിരിക്കുമെന്നാണ്. പക്ഷേ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റുകൾ മാറിമാറി പരിശോധിച്ചിട്ടും മണിയടി ശബ്ദം എവിടുന്നു വരുന്നുവെന്ന് കണ്ടെത്താനായില്ല. തുടർന്ന് രണ്ടു വർഷത്തെ പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ ആ കാര്യം മനസിലാക്കി. ലോകത്തിൽ തന്നെ അപൂർവമായി കാണപ്പെടുന്ന ടിന്നിടസ് എന്ന മൈക്രോവാസ്‌കുലർ ഡീകംപ്രഷൻ എന്ന അസുഖമാണ് വെങ്കിടിനെന്ന്.

ചെവിയിലെ ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാറാണിത്. ലോകത്ത് വെറും 50 പേർക്ക് മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണിത്. ഇതോടെ ഡോക്ടർമാർ വെങ്കടിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അങ്ങനെ ഇന്ത്യയിൽ ആദ്യമായി ടിന്നിടസ് രോഗത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആദ്യത്തെ വ്യക്തയായി വെങ്കട് എന്ന ചെന്നൈ സ്വദേശി മാറി. എം.ജി.എം ഹെൽത്ത് കെയറിന്റെ ഡയറക്ടർ ഡോ.കെ.ശ്രീധറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.