അബുദാബി: ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് പ്രവാസി മലയാളികൾക്കെല്ലാം അഭിമാനമുഹൂർത്തം സമ്മാനിച്ചാണ് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ 'അബുദാബി അവാർഡ്" ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലി ഏറ്റുവാങ്ങിയത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ക് മുഹമ്മദ് ബിൻ സായീദ് അൽ നഹ്യാനുമായി യൂസഫലിക്ക് ആത്മബന്ധമുണ്ട്.
അബുദാബിയുടെ ഹൃദയഭാഗത്ത് വീടുനിർമ്മിക്കാൻ യൂസഫലിക്ക് വർഷങ്ങൾക്കു മുമ്പ് സ്ഥലം നൽകിയത് ഷെയ്‌ക് മുഹമ്മദാണ്. അബുദാബിയിലെ ലുലു ഗ്രൂപ്പിന്റെ മുഷ്‌റിഫ് മാൾ നിൽക്കുന്ന 40 ഏക്കർ സ്ഥലവും അബുദാബി സർക്കാർ നൽകിയതാണ്.
പുരസ്‌കാര ദാനച്ചടങ്ങിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ക് സൈഫ് ബിൻ സായീദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്‌ക് മൻസൂർ ബിൻ സായീദ് അൽ നഹ്യാൻ, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ഷെയ്‌ക് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായീദ് അൽ നഹ്യാൻ എന്നിവർ പങ്കെടുത്തത് ഈ ആത്മബന്ധത്തിന്റെ തെളിവായി.
ലുലു ഗ്രൂപ്പ്
28,000ലേറെ മലയാളികൾ ഉൾപ്പെടെ 58,000ലധികം ജീവനക്കാർ
ഗൾഫ്, ഇൻഡോനേഷ്യ, ഈജിപ്‌റ്റ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പർ മാർക്കറ്റുകൾ
അമേരിക്ക, ബ്രിട്ടൻ, സ്‌പെയിൻ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി 14 ലോജിസ്‌റ്റിക്‌സ് കേന്ദ്രങ്ങൾ
ഇന്ത്യയിൽ ഉൾപ്പെടെ 250 ഹൈപ്പർമാർക്കറ്റുകളാണ് ലക്ഷ്യം