മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കിരീടത്തിലേക്ക് കുതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ലീഡ്സ് യുണൈറ്റഡ്. പത്ത് പേരായി ചുരുങ്ങിയിട്ടും പതറാതെ പോരാടിയ ലീഡ്സ് സ്റ്റുവർട്ട് ഡല്ലസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഫെറാൻ ടോറസാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. മത്സരം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെയാണ് ഡല്ലസിന്റെ വിജയ ഗോൾ പിറന്നത്.
ഒന്നാം പകുതിയുടെ അധിക സസമയത്ത് ലിയാം കൂപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്നാണ് ലീഡ്സ് പത്ത് പേരായി ചുരുങ്ങിയത്.
തോറ്റെങ്കിലും 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി കിരീട പോരാട്ടത്തിൽ സിറ്റി ഏറെ മുന്നിൽത്തന്നെയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് 60 പോയിന്റേയുള്ളൂ. എന്നാൽ സിറ്റിയെക്കാൾ രണ്ട് കളി കുറച്ചാണ് യുണൈറ്റഡ് ഇതുവരെ കളിച്ചിരിക്കുന്നത്. ഈ സീസണിൽ പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ലീഡ്സ് 31 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി പത്താം സ്ഥാനത്താണ്. 2007ന് ശേഷം ആദ്യമായാണ് പ്രിമിയർ ലീഗിലേക്ക് പ്രൊമോഷൻ കിട്ടിയെത്തിയ ടീമിനോട് സിറ്റി തോൽക്കുന്നത്.
പാസിംഗിലും ഷോട്ടുകളിലും പൊസഷനിലുമെല്ലാം സിറ്റി ലീഡ്സിനേക്കാൾ ബഹുദൂരം മുന്നിലായിരുന്നെങ്കിലും അതെല്ലാം ഗോളാക്കി മാറ്രുന്നതിൽ സിറ്റി പരാജയപ്പെടുകയായിരുന്നു.
42-ാം മിനിട്ടിലാണ് ബാംഫോർഡിന്റെ പാസിൽ നിന്ന് ഡല്ലസ് ലീഡ്സിന്റ ആദ്യ ഗോൾ നേടുന്നത്. എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ജസ്യൂസിനെ സ്ലൈഡിംഗ് ടാക്കിൾ ചെയ്ത ക്യാപ്റ്റൻ കൂപ്പർ ചുവപ്പ് കാർഡ് കണ്ടതോടെ ലീഡ്സ് പത്ത് പേരായി ചുരുങ്ങുകയായിരുന്നു. 76-ാം മിനിട്ട് ടോറസ് സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാൽ കളിയവസാനിക്കാറാകവെ എല്ലാവരും സമനില പ്രതീക്ഷിച്ചിരിക്കവേ തൊണ്ണൂറിയൊന്നാം മിനിട്ടിൽ ഡല്ലസ് തന്നെ നേടിയ ഗോളിൽ മാർസലോ ബിയേൽസയുടെ കുട്ടികൾ വിജയമുറപ്പിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ വോൾവ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ഫുൾഹാമിനെ വീഴ്ത്തി.