ചെന്നൈ: ഐ.പി.എൽ പതിന്നാലാം സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കീഴടക്കിയത് ബാറ്രിംഗിലും ബൗളിംഗിലും ഫിനിഷിംഗിൽ പുറത്തെടുത്ത മിന്നും പ്രകടനത്തിന്റെ പിൻബലത്തിൽ.
ബൗളിംഗിൽ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ വമ്പനടിക്കാരായ ക്രുനാലിനേയും പൊള്ളാഡിനേയും പുറത്താക്കിയ ഹർഷൽ പട്ടേൽ നാലാം പന്തിൽ ജാൻസണേയും പുറത്താക്കി.അവസാന പന്തിൽ രാഹുൽ ചഹർ റണ്ണൗട്ടായി.
മുംബയ് ഇന്ത്യൻസിനെതിരെ അഞ്ച് വിക്കറ്ര് നേടുന്ന ആദ്യ താരമാണ് ഹർഷൽ.
ബാറ്രിംഗിൽ ബാംഗ്ലൂർ തോൽവി മുന്നിൽക്കണ്ട സമയത്താണ് അവസാന ഓവറുകളിലെ മിന്നലാട്ടവുമായി
എ ബി ഡിവില്ലിയേഴ്സ് കളി കൊഹ്‌ലിപ്പടയ്ക്ക് അനുകൂലമാക്കിയത്.
പതിനേഴാം ഓവർ അവസാനിക്കുമ്പോൾ 18 പന്തിൽ 34 റൺസാണ് ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പതിനെട്ടാം ഓവറിലെ ആദ്യ പന്തിൽ ബോൾട്ടിനെ സിക്സടിച്ച് തുടങ്ങിയ ഡിവില്ലിയേഴ്സ് കളി ബാംഗ്ലൂരിന്റെ വരുതിയിലാക്കി. ആ ഓവറിൽ പതിനഞ്ച് പിറന്നത് 15 റൺസ്.
27 പന്ത് നേരിട്ട ഡിവില്ലിയേഴ്സ് 4 ഫോറും 2 സിക്സും ഉൾപ്പെടെ 47 റൺസാണ് നേടിയത്.