കൊച്ചി: ഡോളർകടത്തുകേസിൽ ചോദ്യംചെയ്യലിന് വിധേയനായ സ്പീക്കറും ലോകായുക്തയുടെ പരാമർശത്തിന് വിധേയനായ മന്ത്രി കെ.ടി. ജലീലും രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. ഇവർ രാജിവെക്കാൻ തയ്യാറല്ലെങ്കിൽ രാജി എഴുതിവാങ്ങാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടാവണം. എൻ.ജി.ഒ അസോസിയേഷൻ നേതാവായിരുന്ന പി.എസ്.എ ലത്തീഫിന്റെ 'ഓർമത്തുരുത്തുകൾ ' എന്ന പുസ്തകം പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പൊതുരംഗത്തിന് ശുദ്ധീകരണം ആവശ്യമാണ്. ഇക്കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉത്തരവാദിത്വം നിർവഹിക്കണം. ഇല്ലെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും വി.എം.സുധീരൻ പറഞ്ഞു. വി.ഡി. സതീശൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. വി.കെ.എൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.പി. മത്തായി, പി.ടി. തോമസ് എം.എൽ.എ, ഡോ. എം.സി. ദിലീപ്കുമാർ, എം.ഒ. ജോൺ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, പി.എൻ. പ്രസന്നകുമാർ, പായിപ്ര ദമനൻ, എൻ. സദാശിവൻ നായർ, പി.കെ. ദിനേശൻ, പി.വൈ. മത്തായി, കെ.വി. മുരളി എന്നിവർ സംസാരിച്ചു.