ന്യൂഡൽഹി: ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ കേന്ദ്ര സേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രദേശവാസികൾ സൈനികരെ ആക്രമിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
സിതൽകുചി മണ്ഡലത്തിലെ 126ാം നമ്പർ ബൂത്തിൽ വോട്ടിംഗ് പ്രക്രിയ സുഗമമായി നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. മണിക് എന്ന ആൺകുട്ടിക്ക് അസുഖം വന്നു. രണ്ടോ മൂന്ന് പ്രദേശവാസികളായ സ്ത്രീകൾ അവനെ ശുശ്രൂഷിക്കുകയായിരുന്നു. ഇത് കണ്ട ഒരു സി.ആർ.പി.എഫ് ജവാൻ കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അന്വേഷിച്ചു. കുട്ടിയെ പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കണമോ എന്നും തിരക്കി.
എന്നാൽ ചില പ്രദേശവാസികൾ കരുതിയത് ആൺകുട്ടിയെ ജവാന്മാർ തല്ലിയെന്നാണ്. ഇതോടെ പെട്ടെന്ന് 300-350 പേർ ഒത്തുകൂടുകയും വീട്ടുപകരണങ്ങൾ ഉപയോഗിച്ച് ജവാന്മാരെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ജനം പോളിംഗ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ജവാൻ സഹായത്തിനായി ദ്രുത പ്രതികരണ സംഘത്തെ വിളിക്കുകയായിരുന്നു.
വെടിവയ്പ്പിൽ നാലു പേർമരിച്ചതു കൂടാതെ ചിലർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മൃതശരീരങ്ങൾ പോസ്‌മോർട്ടത്തിനായി മാതാബൻഗയിലെ എസ്.ഡി ആശുപത്രിയിലേക്ക് മാറ്റി. സി.ആർ.പി.എഫ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സംഭവ സ്ഥലത്ത് കേന്ദ്ര സേനയ്‌ക്കൊപ്പം ലോക്കൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ടെന്നും ഇലക്ഷൻ കമ്മിഷൻ കൂട്ടിച്ചേർത്തു.