
മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഏഴ് വിക്കറ്റിന് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് സുരേഷ് റെയ്നയുടെ അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത ഇരുപതോവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് ഓപ്പണർമാരായ ശിഖർ ധവാന്റെയും പ്രിഥ്വി ഷായുടേയും അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ 18.4 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (190/3).
ചെന്നൈ ഉയർത്തിയ മികച്ച വിജയ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്കായി ഓപ്പണർമാരായ പ്രിഥ്വി ഷായും ശിഖർ ധവാനും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ചെന്നൈ ബൗളർമാർക്ക് ഒരവസരവും നൽകാതെ ഇരുവരും കത്തിക്കയറിയപ്പോൾ ഡൽഹി സ്കോർ റോക്കറ്റ് പോലെ കുതിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ഫോം തുടർന്ന പ്രിഥ്വി വെറും 27 പന്തിലാണ് അർദ്ധ സെഞ്ച്വറി തികച്ചത്. 35 പന്തിലായിരുന്നു ധവാൻ അർദ്ധ സെഞ്ച്വറിയിലെത്തിയത്. 10.1 ഓവറിൽ ഡൽഹി നൂറിലെത്തി. പ്രിഥ്വി ഷായെ മോയിൻ അലിയുടെ കൈയിൽ എത്തിച്ച് ഡെയിൻ ബ്രോവോയാണ് കൂട്ടുകെട്ട് പൊളിച്ചത്. പ്രിഥ്വി ഷാ 38 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടെ 72 റൺസ് നേടി. 13.3 ഓവറിൽ ധവാനൊപ്പം 138 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഷാ മടങ്ങുമ്പോൾ ഡൽഹി വിജയം ഉറപ്പിച്ചിരുന്നു. ധവാൻ 10 ഫോറും 2 സിക്സും ഉൾപ്പെടെ 54 പന്തിൽ 85 റൺസ് നേടി ഷർദുൽ താക്കൂറിന്റെ പന്തിൽ എൽബിയായി മടങ്ങി. സ്റ്റോയിനിസിനെ (14) താക്കൂർ സാം കറന്റെ കൈയിൽ എത്തിച്ചു. തുടർന്ന് പന്തും (11) ഹെറ്റ്മേയറും പ്രശ്നമില്ലാതെ ഡൽഹിയെ വിജയ തീരത്തെത്തിച്ചു.
ടോസ് നേടിയ ഡൽഹി ക്യാപ്ടൻ റിഷഭ് പന്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാർ പരാജയപ്പെട്ടെങ്കിലും 36 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 54 റൺസ് നേടിയ സുരേഷ് റെയ്നയുടെ തകർപ്പൻ അർദ്ധ സെഞ്ച്വറിയാണ് ചെന്നൈയെ മികച്ച സ്കോറിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. പന്തിന്റെ തീരുമാനം ശരിവച്ചു കൊണ്ട് തുടക്കത്തിലേ ഡൽഹി ബൗളർമാരായ ആവേശ് ഖാൻ ഫാഫ് ഡുപ്ലെസിസിനേയും (0) ക്രിസ് വോക്സ് റിതുരാജ് ഗെയ്ക്വാദിനേയും (5) പുറത്താക്കി. എന്നാൽ 7/2 എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച റെയ്നയും മോയിൻ അലിയും (24 പന്തിൽ 36) ചെന്നൈയെ തകർച്ചയിൽ നിന്ന് രക്ഷിച്ചെടുത്തു. 9-ാമത്തെ ഓവറിൽ അശ്വിനെ തുടർച്ചയായ രണ്ട് സിക്സുകൾക്ക് പായിച്ച അലി പക്ഷേ മൂന്നാം പന്ത് റിവേഴ്സ് സ്വീപ് ചെയ്യാനുള്ള ശ്രമം പിഴച്ച് ധവാൻ പിടിച്ച് പുറത്താവുകയായിരുന്നു. 
പകരമെത്തിയ അമ്പാട്ടി റായിഡുവും (16 പന്തിൽ 23) നേരിട്ട ആദ്യ പന്ത് തന്നെ ഫോറടിച്ച് റെയ്നയ്ക്കൊപ്പം മനോഹരമായി ചെന്നൈ സ്കോർ മുന്നോട്ടു കൊണ്ടു പോയി. ഇരുവരും ഡൽഹി ബൗളർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു.  അനാവശ്യ ഷോട്ടിന് ശ്രമിച്ച് ടോം കറന്റെ പന്തിൽ ധവാന്റെ കൈയിൽ അമ്പാട്ടിയുടെ ഇന്നിംഗ്സ് തീർന്നു. രവീന്ദ്ര ജഡേജ (പുറത്താകാതെ 17 പന്തിൽ 26), സാം കറൻ (15 പന്തിൽ 34) എന്നിവരും ചെന്നൈ ഇന്നിംഗ്സിന് നിർണായക സംഭാവന നൽകി. ആവേശും വോക്സും ഡൽഹിക്കായി രണ്ട് വിക്കറ്റ്വീതം വീഴ്ത്തി.
ഹൈദരാബാദ്-
കൊൽക്കത്ത
ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ചെന്നൈയിൽ രാത്രി 7.30 മുതലാണ് മത്സരം.