തിരുവനന്തപുരം: പുതിയ വാഹനങ്ങൾ വാങ്ങുന്ന ദിവസംതന്നെ സ്ഥിരം രജിസ്‌ട്രേഷൻ നമ്പർ ലഭ്യമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ബോഡി നിർമാണം ആവശ്യമായ വാഹനങ്ങൾക്കും അന്യസംസ്ഥാനത്ത് രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾക്കും മാത്രമായി താൽക്കാലിക രജിസ്‌ട്രേഷൻ നിജപ്പെടുത്താനാണ് തീരുമാനം. ഈ മാസം 15 മുതലാകും പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരിക.
പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വാങ്ങുന്ന വാഹനങ്ങൾ താൽക്കാലിക രജിസ്‌ട്രേഷൻ നടത്തി ഒരുമാസം വരെ ഓടിക്കാവുന്നതാണ്. താൽക്കാലിക രജിസ്‌ട്രേഷൻ എടുത്ത ശേഷം നിശ്ചിതസമയത്തിനുള്ളിൽ വാഹനം രജിസ്റ്റർ ചെയ്യാത്തവർക്കുള്ള പിഴയും ഉയർത്തും. താൽക്കാലിക രജിസ്‌ട്രേഷന്റ കാലാവധി ഒരു മാസമെന്നത് ആറു മാസമാക്കി ഉയർത്താനും ആലോചിക്കുന്നുണ്ട്.
അതിസുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങൾനിരത്തിലിറക്കാൻ അനുവദിക്കില്ല. ഇനി ഫാൻസി നമ്പർ വേണമെന്ന് നിർബന്ധമുള്ളവർ അത് കിട്ടിയതിന് ശേഷമേ വാഹനംപുറത്തിറക്കാവൂ. രജിസ്‌ട്രേഷനായി വാഹനവുമായി മോട്ടോർവാഹന വകുപ്പിന്റ ഓഫീസിൽ പോകേണ്ടതില്ല. വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഭൂരിഭാഗം സേവനങ്ങളും 15 മുതൽ ഓൺലൈനാവുകയാണ്