bjp

കൊച്ചി: മഹിളാ മോർച്ച ജില്ലാ സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ബിജെപി നേതാക്കൾ അറസ്റ്റിൽ. ബിജെപി കൊച്ചി നിയോജക മണ്ഡലം പ്രസിഡണ്ട് എൻഎ സുമേഷ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. മാർച്ച് മാസം 11ന് റിട്ടയര്‍ഡ് അദ്ധ്യാപികയുടെ വീടിന് ചുറ്റുമതില്‍ കെട്ടുന്നത് ചില ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് ചോദ്യം ചെയ്ത സംഭവത്തെ തുടർന്നാണ് മഹിളാ മോര്‍ച്ച നേതാവിനെ ഒരു വിഭാഗം ബിജെപി പ്രവർത്തകർ മർദ്ദിച്ചത്.

സ്വന്തം പുരയിടത്തില്‍ ചുറ്റുമതില്‍ കെട്ടുന്നതിന് അദ്ധ്യപികയോട് ബിജെപി മണ്ഡലം പ്രസിഡണ്ട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിജെപി പ്രവർത്തകർ തമ്മിൽതല്ലി. കൈക്കൂലി ചോദിച്ച വിവരം അറിഞ്ഞ് ബിജെപി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനെത്തിയ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി ലേഖ നായിക്കിനെ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.

അദ്ധ്യാപികയുമായി ബന്ധമുള്ളവരിൽ നിന്നുമാണ് ലേഖ നായിക്ക് ഇക്കാര്യം അറിയുന്നതും സംഭവത്തിൽ ഇടപെടുന്നതും. പാര്‍ട്ടി പ്രവര്‍ത്തകരെ തടയാനായി സ്ഥലത്തെത്തിയ ലേഖയോട് ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞതോടെ സംഭവം വാകുതർക്കത്തിലേക്കെത്തി. എന്നാല്‍ ആരോപണം എന്‍എ സുമേഷ് നിഷേധിച്ചിരുന്നു.

സംഭവം കെട്ടിച്ചമച്ചതാണെന്നും വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് നിര്‍മ്മാണം നടത്തിയത് ചോദ്യം ചെയ്യുകയായിരുന്നുവെന്നും മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും പാർട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് പറഞ്ഞിരുന്നത്. പണം നൽകിയാൽ മതിൽ കെട്ടാൻ അനുവദിക്കാമെന്ന് അദ്ധ്യാപികയോട്പറഞ്ഞ പാർട്ടി പ്രവർത്തകർ തങ്ങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു.

Content Highlight: bjp leaders arrested for assaulting mahila morcha woman leader