ratheesh-death

കണ്ണൂർ: മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സൂചന. തൂങ്ങിമരിച്ച നിലയിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.എന്നാൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെ വടകര റൂറൽ എസ് പി മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തി പരിശോധന നടത്തി.

പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കും.മൻസൂർ വധക്കേസ് അന്വേഷിക്കുന്ന സംഘം ഇന്ന് വിശദ പരിശോധനക്കായി രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ചെക്യാട് എത്തും. ഏപ്രിൽ ഒൻപതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ യു ഡി എഫ് ആരോപിച്ചിരുന്നു. അതേസമയം യൂത്ത് ലീഗ് പ്രവർത്തകൻ പാനൂർ പുല്ലൂക്കര പാറാൽ വീട്ടിൽ മൻസൂർ (22)കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയടക്കം മൂന്ന് സി പി എം പ്രവർത്തകരെ കൂടി പൊലീസ് അറസ്റ്റുചെയ്തു. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് അനീഷ് (35), നിള്ളയിൽ വീട്ടിൽ ശ്രീരാഗ് (25)​,​ നങ്ങാറത്ത് പീടികയിലെ അശ്വന്ത് (29)എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഒന്നാം പ്രതി ഷിനോസിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.