തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ അട്ടിമറി നടന്നെന്ന് സംശയിക്കുന്നതായി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നേതാക്കളുടെ അസാന്നിദ്ധ്യം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെപ്പോലെ ഇത്തവണയും അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്നും, ഇക്കാര്യം അന്വേഷിക്കാൻ ഉടൻ സമിതിയെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയതോടെയാണ് വട്ടിയൂർക്കാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചപറ്റിയെന്ന ആക്ഷേപം ഉണ്ടായത്. അന്വേഷണം നടത്തിയ ഡിസിസി, പോസ്റ്റർ വിറ്റ മണ്ഡലം ട്രഷററെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.