vaiga

കൊച്ചി: മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി പിതൃ സഹോദരൻ ഷിനു മോഹൻ. വൈഗയുടെ മരണത്തിൽ തന്റെ സഹോദരനായ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും, മറ്റാർക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഷിനു ആരോപിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഷിനു മോഹൻ ആവശ്യപ്പെട്ടു. സഹോദരൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണ്. പൂനെയിൽ സാമ്പത്തിക ബാധ്യതകളും,കേസുകളുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ ചിലർ എത്തിയിരുന്നു. സനു പണം നൽകാനുള്ള ആളുകളായിരുന്നു അത്. ഫ്‌ളാറ്റിന് പുറത്ത് പോയാണ് അവർ സംസാരിച്ചത്. ഇക്കാര്യം സനുമോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ഷിനു വ്യക്തമാക്കി.

അതേസമയം ഭാര്യയുൾപ്പെടെയുള്ളവരെ കബളിപ്പിച്ച് 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷമാണ് സനു മോഹൻ ഒളിവിൽപ്പോയതെന്നാണ് സൂചന. ഈ പണം കൈയിലുള്ളതിനാൽ എടിഎം, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ട. ഒളിവിൽ താമസിക്കാനും എളുപ്പമായി. പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നതും ഇതാണ്.

സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ബീറ്റാ ഗ്രീൻ 6 എ ഫ്‌ളാറ്റിൽ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. ഡി സി പി ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ സി പി കെ ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻഎന്നിവരടങ്ങുന്ന സംഘം വൈകിട്ട് ഏറെ നേരം ഫ്ളാറ്റിൽ ചിലവഴിച്ചു. അയൽവാസികളുമായും സംസാരിച്ചു.