തൃശൂർ: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് തൃശൂർ പൂരം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുനർ വിചിന്തനം നടത്തണമെന്ന് തൃശൂർ ഡി എം ഒ ആവശ്യപ്പെട്ടു.
പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുക. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10 ശതമാനം മരണം സംഭവിക്കാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഒന്നരവർഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളും പാഴായിപോകുമെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു. ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും ഡി എം ഒ കൂട്ടിച്ചേർത്തു.
അതേസമയം തൃശൂർ പൂരത്തെ തകർക്കാനാണ് ഡി എം ഒയുടെ ശ്രമമെന്നും, ഊതിവീർപ്പിച്ച കണക്കാണ് ഡി എം ഒ പറയുന്നതെന്നും പാറമേക്കാവ് ദേവസ്വം കുറ്റപ്പെടുത്തി. ജനങ്ങളെ നിയന്ത്രിക്കാൻ തയ്യാറാണെന്നും ദേവസ്വം അറിയിച്ചു.