തൃശൂർ: പൂരത്തിന്റെ ചടങ്ങുകൾ പതിവുപോലെ നടത്തുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. തിരക്ക് കുറയ്ക്കുന്നത് മാത്രമാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പൂരം നടത്തുന്നതിനെതിരെ ആരോഗ്യവകുപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പുനർ വിചിന്തനം നടത്തണമെന്ന് തൃശൂർ ഡി എം ഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൂരത്തെ തകര്‍ക്കാനാണ് ഡിഎം ഒയുടെ ശ്രമമെന്നും, കൊവിഡ് മരണം പെരുകുമെന്ന ഡിഎംഒയുടെ കണക്ക് ഊതിപ്പെരുപ്പിച്ചതാണെന്നും ദേവസ്വങ്ങള്‍ പ്രതികരിച്ചു.