പാലിയേക്കര: ടോൾ പ്ലാസയുടെ പത്തുകിലോമീറ്റർ ചുറ്റളവിലുള്ള തദ്ദേശീയ വാഹനങ്ങൾക്ക് സൗജന്യ ഫാസ്ടാഗിലേക്ക് മാറാനുള്ള സമയം ഏപ്രിൽ 30 വരെ. ഇതു സംബന്ധിച്ച് ടോൾ കരാർ കമ്പനി തീരുമാനമെടുത്തു കഴിഞ്ഞു. ടാഗിലേക്ക് മാറാനുള്ള അവസാന ദിവസം മാർച്ച് 31 വരെയായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുമാസം കൂടി നീട്ടിനൽകിയതാണെന്ന് ടോൾ കമ്പനി സി.ഇ.ഒ എ.വി. സൂരജ് അറിയിച്ചു.
44,000 തദ്ദേശീയ വാഹനങ്ങളിൽ ഇതുവരെ 20,000 വാഹനങ്ങളാണ് ഫാസ്ടാഗിലേക്ക് മാറിയിട്ടുള്ളത്. ബാക്കിയുള്ള 24,000 വാഹനങ്ങൾക്ക് ടാഗ് എടുക്കുന്നതിനാണ് ഇപ്പോൾ സമയം അനുവദിച്ചിരിക്കുന്നത്. ഇനി കാലാവധി നീട്ടിനൽകില്ലെന്നാണ് ടോൾ കമ്പനി, അധികൃതർ പറയുന്നത്. ടാഗില്ലാത്ത വാഹനങ്ങൾ നിലവിൽ ഇരട്ടിത്തുക നൽകിയാണ് ടോൾപ്ലാസ കടന്നുപോകുന്നത്. തദ്ദേശീയർക്ക് ഫാസ്ടാഗിലേക്ക് മാറുന്നതിനായി ടോൾപ്ലാസയ്ക്ക് സമീപത്തായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശീയർ ടാഗെടുക്കാൻ എത്താത്തതുമൂലം ഈ കൗണ്ടറിന്റെ പ്രവർത്തനം നിർത്താനാണ് കമ്പനിയുടെ തീരുമാനം.