തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷവും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്. പുതിയ സർക്കാർ വന്നതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വർഷത്തെപ്പോലെത്തന്നെ പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് സാദ്ധ്യത. അതേസമയം അടുത്ത അദ്ധ്യയന വർഷത്തിലേക്ക് സംസ്ഥാനത്ത് 4.41 കോടി പാഠപുസ്തകങ്ങൾ ആണ് അച്ചടിക്കുന്നത്.
ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ കാക്കനാട്ടെ ഗവൺമെന്റ് പ്രസ്സിലാണ് അച്ചടിക്കുന്നത്. മൂന്ന് വാല്യങ്ങളായിട്ടാണ് പുസ്തകങ്ങൾ അച്ചടിക്കുന്നത്. അതിൽ ഒന്നാം വാല്യത്തിൽ അച്ചടിച്ച പുസ്തകങ്ങൾ വിതരണം തുടങ്ങി.ഏപ്രിൽ പകുതിയോടെ ഒന്നാം വാല്യത്തിന്റെ അച്ചടി പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.