വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ കൊളംബിയയിലെ ആമസോണ്‍ ഡേറ്റ സെന്ററിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട ഇരുപത്തിയെട്ടുകാരൻ പൊലീസ് പിടിയിൽ. സേത് ആരോൺ പെൻഡ്ലിയാണ് അറസ്റ്റിലായത്. ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ ആക്രമണത്തിലും പങ്കാളിയാണെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി.
മൈ മിലിഷ്യ ഡോട്ട് കോം എന്ന വെബ്സൈറ്റിലൂടെ പ്രകോപനപരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്ത പെൻഡ്ലിയെ കുറിച്ച് മറ്റൊരാൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ആമസോണിന്റെ ഡേറ്റ സെന്ററുകളിൽ ആക്രമണം നടത്തി ഇന്റർനെറ്റിന്റെ എഴുപത് ശതമാനത്തോളം നിർവീര്യമാക്കാൻ പ്രതി ലക്ഷ്യമിട്ടിരുന്നുന്നെന്നാണ് വിവരം. ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ആക്രമണപദ്ധതിക്കായി തയ്യാറാക്കിയ രേഖാചിത്രങ്ങൾ കണ്ടെത്തി.