കഴിഞ്ഞ വർഷത്തെ റംസാൻ ലോക്ക് ഡൗൺ കാലത്താണ് വിശ്വാസികൾ അനുഷ്ഠിച്ചത്. സംഘടിതമായ ആരാധനകളൊന്നും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. മസ്ജിദുകൾ പൂർണമായും അടഞ്ഞപ്പോൾ ആരാധനകൾ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം നിർവഹിച്ച് വിശ്വാസികൾ തൃപ്തിയടഞ്ഞു. എന്നാൽ കൊവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പിൻവലിക്കുകയും സാമൂഹ്യജീവിതത്തിൽ നാം ഇഴുകിച്ചേരുകയും ആരാധനാലയങ്ങൾ തുറക്കുകയും ചെയ്ത ഒരു ഘട്ടത്തിലാണ് ഈ വർഷത്തെ റംസാനിലേക്ക് നാം പ്രവേശിക്കുന്നത്. രണ്ട് കാര്യങ്ങൾ വിശ്വാസികൾ ശ്രദ്ധിക്കണം. ഒന്ന് : റംസാന്റെ ചൈതന്യം പൂർവാധികം ശക്തിയോടെ തിരിച്ചുപിടിക്കണം. രണ്ട് : കൊവിഡ് സമൂഹത്തിൽ വീണ്ടും വ്യാപകമാവുന്ന വാർത്തകൾ വരുന്നു, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചും ശാരീരിക അകലം, മാസ്‌ക്, നമസ്‌കാരത്തിന് പ്രത്യേക മാറ്റുകൾ ഇവയെല്ലാം ഉറപ്പ് വരുത്തിക്കൊണ്ടാവണം സംഘടിത ആരാധനകളിൽ സജീവമാവേണ്ടത്.
അല്ലാഹു ഖുർ ആൻ അവതരിപ്പിച്ച മാസമാണ് റംസാൻ. 'ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴികാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും ഖുർ ആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റംസാൻ' (ഖുർ ആൻ വചനം 2:185) പ്രവാചകൻ റംസാനിലെ എല്ലാ രാത്രികളിലും മാലാഖയായ ജിബ്രീലുമായി സംഗമിക്കുകയും ഖുർ ആൻ പഠിക്കുകയും ചെയ്യുമായിരുന്നു. മാനവരാശിയുടെ വെളിച്ചമായ ഖുർ ആന്റെ വർഷികാചരണമാണ് പുണ്യ റംസാനെന്നു പറയാം.
ആത്മനിയന്ത്രണമാണ് നോമ്പിന്റെ പരമപ്രധാനമായ ലക്ഷ്യം. ശാരീരികവും മാനസികവുമായ നിയന്ത്രണത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെ നോമ്പ് പൂർണത കൈവരിക്കുകയുള്ളൂ. അതിന് തയാറാകാത്തവർ കേവലം പട്ടിണി കിടക്കുക മാത്രമാണ് ചെയ്യുന്നത്.
ആർത്തിയെ നിയന്ത്രിക്കാനുള്ള പരിശീലനമാണ് നോമ്പ്. വയറു നിറയാത്ത മനുഷ്യൻ അത്യാഗ്രഹങ്ങൾ ഒരു നിലയ്ക്കും സാക്ഷാത്‌കരിക്കാത്ത ആളാണ്. അധികാരം, പണം ഇവയോടുള്ള ആഗ്രഹം ജന്മസിദ്ധമാണെന്ന് പറയാം. എന്നാൽ പരിധി വിട്ടാൽ ആർത്തിയുടെ ഗണത്തിലാണ് ഇതിനെയും ഉൾപ്പെടുത്താൻ കഴിയുക. ആർത്തിപൂണ്ട മനുഷ്യനെ ഒരു കവി ഉപമിച്ചത് മത്സ്യത്തോടാണ്. മത്സ്യത്തിന് തന്റെ ദാഹം തീർക്കാനാവശ്യമായ ജലം സമുദ്രത്തിന്റെ മേൽത്തട്ടിൽ നിന്നുതന്നെ ലഭിക്കും. എന്നിട്ടും വെള്ളം തേടിക്കൊണ്ട് മത്സ്യം സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് പോകുകയാണ്. ഇതുപോലെയാണ് മനുഷ്യന്റെയും അവസ്ഥ. അതിമോഹം കൊണ്ട് മനുഷ്യൻ ഒന്നും നേടുന്നില്ല.
ഒരു കച്ചവടക്കാരൻ തന്റെ വിഭവങ്ങൾ വില്‌ക്കുന്നത് ഏറ്റവും വില ലഭിക്കുന്ന കാലവും ഏറ്റവും വില ലഭിക്കുന്ന സ്ഥലവും പരിഗണിച്ചാണ്. അതുപോലെ തന്നെയാണ് വിശ്വാസികളും. റംസാൻ അവർ പാഴാക്കുകയില്ല. ഇത് പാപങ്ങളിൽ നിന്ന് മനുഷ്യനെ സ്ഫുടം ചെയ്‌തെടുക്കുന്ന മാസമാണ്. പാപങ്ങളിൽ നിന്ന് ഞങ്ങളെ ശുദ്ധീകരിക്കുന്ന മാസമേ നിനക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഖലീഫ ഉമർ റംസാനെ വരവേറ്റിരുന്നത്.
റംസാനിലെ നോമ്പിലൂടെ, പ്രാർത്ഥനകളിലൂടെ മനുഷ്യന്റെ മുഴുവൻ പാപങ്ങളും ജഗന്നിയന്താവ് പൊറുത്തു കൊടുക്കുകയാണ്. ഇതിനെക്കാൾ വലിയ എന്ത് ഔദാര്യമാണ് ദൈവത്തിൽ നിന്ന് മനുഷ്യന് ലഭിക്കാനുള്ളത്.
നബി തിരുമേനി പറഞ്ഞു: 'ഭൂമിയിലുള്ളവനോട് നിങ്ങൾ കരുണ കാണിക്കുക എങ്കിൽ ആകാശത്തുളളവൻ നിങ്ങളോട് കരുണ കാണിക്കും'.
മഹാത്മാഗാന്ധി പറഞ്ഞു 'ഒരാൾ അയാളുടെ അന്നത്തെക്കുറിച്ച് ആലോചിക്കുന്നത് അവനിലെ ആത്മീയകാര്യമാണ്. കാരണം സ്വന്തം അന്നത്തെക്കുറിച്ച് ഏത് മൃഗവും ആലോചിക്കും. എന്നാൽ അന്യന്റെ അന്നത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്ന ഏകജീവി മനുഷ്യനാണ്. ഈ ആത്മീയതയാണ് മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നത്.' മനുഷ്യരെ നല്ല മനുഷ്യരാക്കിത്തീർക്കുന്ന ഈ കഴിവിനെ വളർത്തി വികസിപ്പിക്കുകയാണ് റംസാന്റെ ലക്ഷ്യം.
(ലേഖകൻ തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദിലെ ഇമാമാണ് )