gold

തിരുവനന്തപുരം: ജുവലറികൾക്ക് സ്വർണം നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ തിരുവനന്തപുരം പളളിപ്പുറത്തുവച്ച് ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ ഗോപൻ കസ്റ്റഡിയിൽ. മൂന്നു മാസം മുമ്പ് പൊലീസ് വേഷത്തിൽ തക്കലവച്ച് സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം തട്ടിയ കേസിലെ മുഖ്യ ആസൂത്രകനാണ് ഗോപൻ. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

വെളളിയാഴ്ച രാത്രി നെയ്യാറ്റിൻകരയിൽ നിന്നും നൂറു പവൻ സ്വർണ്ണവുമായി ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് രണ്ടു കാറുകളിലെത്തിയ സംഘം സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധുവായ ലക്ഷ്മണനെയും ആക്രമിച്ച് സ്വർണ്ണം കവർന്നത്. സ്വർണവ്യാപാരിക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേരുടെയും മൊഴിയിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അരുണിനെയും ലക്ഷ്മണനെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയി രണ്ട് സ്ഥലങ്ങളിലായി ഉപേക്ഷിച്ചുവെന്നായിരുന്നു മൊഴി. പക്ഷേ അന്വേഷണത്തിൽ രണ്ടുപേരെയും പോത്തൻകോട് സമീപം വാവറ അമ്പലത്തിലാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്തി. ലക്ഷ്മണ അവിടെ നിന്നും ഓട്ടോയിൽ കയറി ആറ്റിങ്ങൽ എത്തി നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ ലക്ഷ്മണ കേരളത്തിലും തമിഴ്നാട്ടിലും സ്വർണം വിൽക്കുന്നുണ്ട്. ഇയാളുടെ യാത്രകളെ കുറിച്ച് വ്യക്തമായ സൂചനയുണ്ടായിരുന്ന ഒരാൾ ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറാനാണ് സാദ്ധ്യത.

സ്വർണകവർച്ചക്കായി തമിഴ്നാട്ടിലെത്തിയ മലയാളികൾ ഉൾപ്പെടുന്ന സംഘത്തെ കഴിഞ്ഞ ആഴ്ച്ച തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തുവെങ്കിലും വിട്ടയച്ചിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അക്രമിസംഘം ഉപയോഗിച്ച വാഹനങ്ങള കുറിച്ച് ഇതേവരെ വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല. പല സ്ഥാപനങ്ങളിലെയും സി.സി.സി.ടി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.