f

റിയാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തിയ മൂന്ന് സൈനികരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യൻ ഭരണകൂടം. കടുത്ത രാജ്യദ്രോഹം നടത്തിയതിനും ശത്രുവുമായി സഹകരിച്ചതിനുമാണ് ശിക്ഷ വിധിച്ചതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇറാൻ പിന്തുണയുള്ള ഹൂതികളുമായി കഴിഞ്ഞ ആറു വർഷമായി സൗദി അറേബ്യ യുദ്ധം ചെയ്യുന്ന യമൻ അതിർത്തിയോടു ചേർന്നുള്ള തെക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് വിവരം.
ശരിയായ തരത്തിലുള്ള വിചരാണകൾ നടക്കുന്നില്ലെന്നും പ്രതികൾ ജയിലിൽ വച്ച് പീഡനത്തിന് ഇരയാകുന്നുണ്ടെന്നും കാണിച്ച് ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകൾ വധശിക്ഷ നിറുത്തി വയ്ക്കണമെന്ന് സൗദി അറേബ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത്തരം ആരോപണങ്ങൾ സൗദി നിഷേധിച്ചിരുന്നു.
2020ൽ മാത്രം സൗദി 27 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെങ്കിലും ഇത് സമീപവർഷങ്ങളിലെ കുറഞ്ഞ സംഖ്യയാണ്. 2019ൽ സൗദി 185 പേരെയായിരുന്നു വധശിക്ഷയ്ക്ക് വിധിച്ചതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നത്.