ടെൽ അവീവ്: കൊവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ ഒരു പരിധി വരെ തടയാൻ ഫൈസർ വാക്സിന് സാധിക്കുമെന്ന പഠനവുമായി ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാല. കൊവിഡിന്റെ ഏറ്റവും മാരക വകഭേദമാണിത്. കൊവിഡ് ബാധിതരായ 400 പേരിൽ പരീക്ഷണം നടത്തിയ ശേഷമാണ് പഠനം പുറത്തുവിട്ടത്. പരീക്ഷണത്തിൽ വകഭേദത്തിനെതിരെ ഫൈസർ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തുകയായിരുന്നു. വാക്സിന്റെ രണ്ടാം ഡോസ് നൽകിയപ്പോൾ ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെ സാന്നിദ്ധ്യത്തിൽ കുറവുള്ളതായി കണ്ടെത്തി. അതേസമയം, ഫ്രാൻസിൽ വാക്സിന്റെ രണ്ടാം ഡോസ് നൽകുന്നതിനുള്ള ഇടവേള നാല്ആഴ്ചയിൽ നിന്ന് ആറാഴ്ചയായി നീട്ടി. ഫ്രാൻസിൽ രണ്ടാം ഘട്ട വ്യാപനം വളരെയധികം രൂക്ഷമാണ്. മൊഡേണയുടേയും ഫൈസറിന്റേയും വാക്സിനുകൾ 55 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകുമെന്നും ഫ്രാൻസ് ഭരണകൂടം അറിയിച്ചു. ഇത് ഏപ്രിൽ പകുതി ആകുമ്പോഴേയ്ക്കും 10 ദശലക്ഷം പേർക്ക് വാക്സിൻ ലഭ്യമാകാൻ സഹായകമാകും. അതിനിടെ ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 136,130,043 ആയി. ആകെ മരണം - 2,941,268. ഇതുവരെ 109,514,977 പേർ രോഗവിമുക്തരായി. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ഫ്രാൻസ് എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിശക്തമാണ്.