സ്പാനിഷ് ലാ ലിഗ എൽ ക്ളാസിക്കോയിൽബാഴ്സലോണയെ 2-1ന് വീഴ്ത്തി റയൽമാഡ്രിഡ്
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് റയൽ
ബാഴ്സയ്ക്ക് എതിരായ റയലിന്റെ തുടർച്ചയായ മൂന്നാം ജയം
മാഡ്രിഡ് : ആവേശത്തോടെ ആരാധകർ കാത്തിരുന്ന സ്പാനിഷ് ‘എൽ ക്ലാസിക്കോ’യിൽ ബദ്ധവൈരികളായ ബാഴ്സലോനയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് . സീസണിലെ രണ്ടാം എൽ ക്ളാസിക്കോയിലും വിജയം കണ്ടതോടെ തത്കാലത്തേക്കെങ്കിലും റയൽ ലാ ലിഗയിൽ ഒന്നാമതെത്തുകയും ചെയ്തു. ബാഴ്സലോണയുടെ ആക്രമണവും റയൽ മാഡ്രിഡിന്റെ ഭാഗ്യവും കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയലിന്റെ ജയം. കരിം ബെൻസേമ (13-ാം മിനിട്ട്), ടോണി ക്രൂസ് (28-ാം മിനിട്ട്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്. ബാഴ്സയുടെ ആശ്വാസ ഗോൾ 60–ാം മിനിട്ടിൽ ഓസ്കാർ മിൻഗ്വേസ നേടി.
റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ സ്ഥിരവിവരക്കണക്കുകളിൽ മുന്നിൽ ബാഴ്സലോണയായിരുന്നു.ഗോൾ ശ്രമങ്ങളിലും ചാൻസ് ഒരുക്കുന്നതിലും മുന്നിൽ നിന്ന ബാഴ്സലോണയ്ക്ക് പക്ഷേ ഗോളടിക്കുന്നതിൽ പിഴച്ചുപോയി.ബാഴ്‌സയുടെ സൂപ്പർ താരം ലയണൽ മെസിയെ റയൽ വിദഗ്ധമായി പൂട്ടുകയും ചെയ്തതോടെ കളിയുടെ വിധി ആതിഥേയരുടെ കയ്യിലായി.
തുടർച്ചയായ മിനിട്ടുകളിൽ രണ്ട് മഞ്ഞക്കാർഡ് കണ്ട കാസമിറോ 90–ാം മിനിറ്റിൽ പുറത്തുപോയതോടെ 10 പേരുമായാണ് റയൽ മത്സരം പൂർത്തിയാക്കിയത്.
ലീഗിൽ 30 മത്സരങ്ങൾ പിന്നിടുമ്പോൾ 66 പോയിന്റോടെയാണ് റയൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 29 മത്സരങ്ങൾ കളിച്ച അത്‍ലറ്റിക്കോ മാഡ്രിഡിനും 66 പോയിന്റുണ്ടെങ്കിലും നേർക്കുനേർ പോരാട്ടങ്ങളിലെ മേധാവിത്തമാണ് റയലിന് മുൻതൂക്കം സമ്മാനിച്ചത്. ബാഴ്സ 65 പോയിന്റുമായി പട്ടികയിൽ മൂന്നാമതുണ്ട്.ഇതോടെ 38 മത്സരങ്ങൾ ഓരോ ടീമിനുമുള്ള ലാ ലിഗയിലെ കിരീടപ്പോര് കടുക്കുമെന്ന് ഉറപ്പായി.
3
ബാഴ്സലോണയ്ക്കെതിരെ റയൽ നേടുന്ന തുടർച്ചയായ മൂന്നാം ‘എൽ ക്ലാസിക്കോ’ വിജയമാണിത്. 1978നു ശേഷം ഇതാദ്യമായാണ് റയൽ മൂന്നു മത്സരങ്ങൾ ബാഴ്സയ്ക്കെതിരെ തുടർച്ചയായി ജയിക്കുന്നത്.
2
ഒരു സീസണിൽ റയൽ ബാഴ്സയെ രണ്ടു മത്സരങ്ങളിലും തോൽപ്പിക്കുന്നത് 2007/08 സീസണിന് ശേഷം ഇതാദ്യമാണ്.
7
മെസി സ്‌കോർ ചെയ്യാത്ത തുടർച്ചയായ ഏഴാം എൽക്ലാസിക്കോയാണ് കഴിഞ്ഞത്.
1980
ൽ ജൊവാക്വിം റൈഫിനുശേഷം റയലിനെതിരെ തുടർച്ചയായി രണ്ടു ലീഗ് മത്സരങ്ങൾ തോൽക്കുന്ന ആദ്യ ബാഴ്സ പരിശീലകനെന്ന നാണക്കേട് റൊണാൾഡ് കൂമാൻ സ്വന്തമാക്കി.
2021
ൽ ബാഴ്‌സലോണ നേരിടുന്ന ആദ്യ തോൽവിയാണിത്.