sam-tom

മുംബയ് :ഐ.പി.എല്ലിൽകഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടത്തിനിടെ ശ്രദ്ധ കവർന്ന് ഇംഗ്ളീഷ് സഹോദരങ്ങളായ ടോം കറാന്റെയും സാം കറാന്റെയും നേർക്കുനേർ പോരാട്ടം . മത്സരത്തിൽ ജയിച്ചത് ടോം കറാന്റെ ഡൽഹിയാണെങ്കിലും, മത്സരത്തിനിടെ ടോം കറനെ തിരഞ്ഞുപിടിച്ച് പ്രഹരിച്ച ചെന്നൈ താരം സാം കറാന്റെ ഇന്നിംഗ്സ് കൗതുകമായി.

മഹേന്ദ്രസിംഗ് ധോണി നയിച്ച ചെന്നൈയും അദ്ദേഹത്തിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ഋഷഭ് പന്ത് നയിച്ച ഡൽഹിയും തമ്മിലുള്ള പോരാട്ടമായും ശ്രദ്ധ നേടിയ മത്സരത്തിൽ, ഡൽഹി ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. ഓപ്പണർമാരായ ശിഖർ ധവാൻ (54 പന്തിൽ 85), പൃഥ്വി ഷാ (38 പന്തിൽ 72) എന്നിവരുടെ മികവിൽ ഡൽഹി അനായാസം വിജയം നേടുകയും ചെയ്തു.

മത്സരത്തിൽ ചെന്നൈ ബാറ്റു ചെയ്യുന്നതിനിടെയാണ് ‘ചേട്ടൻ കറാനെ’ നേരിടാൻ ‘അനിയൻ കറാന്’ അവസരം കിട്ടിയത്. ‍17–ാം ഓവറിലാണ് ഇരുവരും ആദ്യം നേർക്കുനേരെത്തിയത്. ആദ്യ രണ്ടു പന്തുകളിൽനിന്ന് സാം നേടിയത് ഒരു റൺ. എന്നാൽ, ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി .

19–ാം ഓവർ എറിയാനായി ടോം എത്തുമ്പോൾ ക്രീസിൽ ജഡേജയും സാം കറാനും. നേരിട്ട ആദ്യ പന്തിൽ ജഡേജ വക ഫോർ. രണ്ടാം പന്തിൽ സിംഗിൾ. ഇതോടെ സഹോദരൻമാർ നേർക്കുനേർ. സാമിനെതിരെ വൈഡെറിഞ്ഞാണ് ടോം തുടങ്ങിയത്. തൊട്ടടുത്ത രണ്ടു പന്തും സിക്സ്. മൂന്നാം പന്തിൽ ഫോർ. അവസാന പന്തിലെ സിംഗിൾ കൂടി ചേർന്നതോടെ ടോം ആ ഓവറിൽ വഴങ്ങിയത് 23 റൺസ്! ഇന്ത്യയുടെ മുൻതാരം കൂടിയായ വീരേന്ദർ സേവാഗ് ഉൾപ്പടെയുള്ളവർ ഇതേപ്പറ്റി ട്രോളുമായി സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.