റംസിക്കേസിൽ അന്വേഷണം പൂട്ടിക്കെട്ടി ക്രൈംബ്രാഞ്ച്
കൊല്ലം: കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ സീരിയൽ നടിയുടെയും കുടുംബത്തിന്റെയും മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി തീരുമാനം വൈകുന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തെയും തടസ്സപ്പെടുത്തി. കേസിലെ പ്രധാന പ്രതികളായ സീരിയൽ നടി ലക്ഷ്മി പ്രമോദ്, അവരുടെ ഭർത്താവ്, ഭർത്തൃമാതാവ് എന്നിവരെ ചോദ്യം ചെയ്യാനോ തെളിവെടുക്കാനോ സാധിക്കാത്ത സാഹചര്യമാണ് അന്വേഷണത്തിന് തടസ്സമായിരിക്കുന്നത്. കേസിൽ ലക്ഷ്മി പ്രമോദിന്റെയും കൂട്ടരുടെയും മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കെ ക്രൈംബ്രാഞ്ചിന് ഇവരെ ചോദ്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട്.
പങ്കാളിത്തം വ്യക്തമാക്കണം
കേസിൽ ഇവരുടെ പങ്കാളിത്തത്തെപ്പറ്റിയാണ് ക്രൈംബ്രാഞ്ചിന് വ്യക്തമാകേണ്ടത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടിയെയും കൂട്ടരെയും ചോദ്യം ചെയ്യുകയോ മൊഴിയെടുക്കുകയോ ചെയ്താൽ പിന്നീട് കസ്റ്റഡി ആവശ്യമില്ലെന്ന് കണ്ട് ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകാൻ ഇടയാകും. റംസിക്കേസിൽ നടിയ്ക്കും കൂട്ടർക്കും ജില്ലാ കോടതി മുൻകൂർ ജാമ്യംനൽകിയത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യം മുൻനിറുത്തിയാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ അനുകൂല തീരുമാനത്തിനായി ക്രൈംബ്രാഞ്ച് കാത്തിരിക്കുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ ചുമതലയുണ്ടായിരുന്ന പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. സൈമണായിരുന്നു കേസിന്റെ മേൽനോട്ടം. അദ്ദേഹം ഏതാനും മാസം മുമ്പ് സർവ്വീസിൽ നിന്ന് വിരമിച്ചതോടെ കേസിന്റെ അന്വേഷണമേൽനോട്ടത്തിനും ഇപ്പോൾ ആളില്ലാത്ത സാഹചര്യമാണുള്ളത്.
റംസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് റംസിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഹാരിസുമായി 8 വർഷമായി പ്രണയത്തിലായിരുന്നു റംസി. പ്ളസ് വണ്ണിന് ശേഷം കമ്പ്യൂട്ടർ പഠനത്തിന് പോകുമ്പോഴാണ് പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരിസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുമ്പ് ധാരണപ്രകാരം വളയിടൽ ചടങ്ങ് നടത്തി. ഹാരിസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു.
ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. എന്നാൽ, പിന്നീട് ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം.
ഫോൺ സംഭാഷണത്തിന്റെ രേഖകൾ
ഹാരിസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ ഹാരിസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.ഇതെല്ലാം ഹാരിസിനും കുടുംബത്തിനുമെതിരായ സുപ്രധാന തെളിവുകളായാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. വിവാഹനിശ്ചയ ദിവസം ഹാരിസിന് റംസിയുടെ വീട്ടുകാർ സമ്മാനിച്ച ഐ ഫോണും റംസിയുമായുള്ള ഹാരിസിന്റെ അടുപ്പവും പിന്നീടുണ്ടായ ഗർഭച്ഛിദ്രവും പ്രണയച്ചതിയുമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിർണായക തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നടിപറയുന്നത് നേരോ?
വളയിടീലിന് ശേഷം റംസിയുമായി കൂടുതൽ അടുത്ത ഹാരിസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ സീരിയൽ നടി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റംസിയെ കൂട്ടിക്കൊണ്ടുപോയതിൽ ദുരൂഹതയുള്ളതായ റംസിയുടെ വീട്ടുകാരുടെ ആരോപണത്തിൽ വ്യക്തത വരുത്താനാണ് നടിയെ ചോദ്യം ചെയ്യുന്നത്. ലൊക്കേഷനിൽ കുഞ്ഞിനെ നോക്കാനുംസഹായത്തിനുമാണ് റംസിയെ കൂടെക്കൂട്ടിയതെന്നാണ് നടി ലോക്കൽ പൊലീസിന് മൊഴി നൽകിയത്. ഗർഭിണിയായതും ഹാരിസ് വിവാഹത്തിന് വിസമ്മതിക്കുകയും ചെയ്ത വിവരം റംസി വെളിപ്പെടുത്തിയിരുന്നു. ഹാരിസും റംസിയും പരസ്പര സമ്മതത്തോടെ ഗർഭച്ഛിദ്രം നടത്തിയതാകാമെന്നും തനിക്ക് ബന്ധമില്ലെന്നുമാണ് നടി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. ലൊക്കേഷനുകളിൽ വരണമെന്ന റംസിയുടെ നിർബന്ധത്തിനാണ് കൊണ്ടുപോയത്. വീട്ടിൽ തനിച്ച് ബോറടിക്കുന്നുവെന്ന് പറഞ്ഞതിനാൽ കൂടെ കൂട്ടിയെന്നാണ് നടി ലോക്കൽ പൊലീസിനോട് വെളിപ്പെടുത്തിയത്.
ഗർഭച്ഛിദ്രവുമായി ബന്ധമെന്ന്
നടിക്ക് ഗർഭച്ഛിദ്രവുമായി ബന്ധമുണ്ടെന്നാണ് റംസിയുടെ വീട്ടുകാരുടെ ആരോപണം.ബംഗളൂരുവിലെ ഒരു ആശുപത്രിയിലാണ് ഗർഭച്ഛിദ്രം നടത്തിയത്. അതിനുശേഷം ഏതാനും ദിവസം അവിടെ താമസിക്കുകയും ഉല്ലസിക്കുകയും ചെയ്തശേഷമാണ് തിരിച്ചെത്തിയത്. ഗർഭച്ഛിദ്രം കുറ്റകരമാണെന്നിരിക്കെ റംസിയെ അതിന് വിധേയയാക്കിയ സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങൾ ബംഗളൂരുവിലെ ഡോക്ടറെ കണ്ടാലേ അറിയൂ. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വിധേയമായിട്ടാണോ ചെയ്തതെന്നും വ്യക്തമാകണം. ഇതിനായി അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോകും. ബംഗളൂരുവിൽ ഗർഭച്ഛിദ്രത്തിന് സീരിയൽ രംഗത്തെ ആരുടെയെങ്കിലും സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഷൂട്ടിംഗിന്റെ പേരിൽ ദിവസങ്ങളോളം റംസിയെ കൂട്ടിക്കൊണ്ടുപോയതെവിടെയായിരുന്നുവെന്ന് കണ്ടെത്താൻ റംസിയുടെയും സീരിയൽ നടിയുടെയും മൊബൈൽ കോൾ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനുകളും പരിശോധിക്കപ്പെടും.
ആസൂത്രിതം
ഗർഭച്ഛിദ്രത്തിന് ഹാരിസ് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതായി കണ്ടെത്തിയതോടെ സംഭവത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്. റംസിയുടെ പിതാവ് റഹിം പാസ് പോർട്ട് എടുക്കുന്നതിനായി 2010ൽ കൊല്ലൂർ വിള ജുമാമസ്ജിദിൽ നിന്ന് വാങ്ങിയ വിവാഹ സർട്ടിഫിക്കറ്റിൽ ഹാരിസ് ആൾമാറാട്ടം നടത്തുകയായിരുന്നു. റംസിയുടെ വീട്ടിൽ വന്നുപോകാറുണ്ടായിരുന്ന ഹാരിസ് സർട്ടിഫിക്കറ്റ് കൈക്കലാക്കി തന്റെയും റംസിയുടെയുംപേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമയ്ക്കുകയായിരുന്നു. ദമ്പതികളാണെന്ന് തെളിയിക്കാൻ ഈ സർട്ടിഫിക്കറ്റാണ് ഹാരിസ് ആശുപത്രിയിൽ ഹാജരാക്കിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലിനും ഇത് പ്രകാരം ഹാരിസിനെതിരെ കേസെടുത്തിട്ടുണ്ട്. റംസിയെ ഗർഭച്ഛിദ്രത്തിന് കൊണ്ടുപോകും മുമ്പേ വ്യാജവിവാഹ സർട്ടിഫിക്കറ്റ് ചമച്ചിരുന്നതിനാൽ സംഭവത്തിൽ മറ്റാരുടെയോ ഉപദേശം ഹാരിസിന് ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇത് ആരുടെതെന്ന് കണ്ടെത്തിയാൽ സംഭവങ്ങളുടെ ആസൂത്രണം കൂടുതൽ വ്യക്തമാകും.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി റംസിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
നിയമവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി
ഹൈക്കോടതിയിൽ കേസ് വൈകുന്ന സാഹചര്യം രണ്ട് തവണ നിയമവകുപ്പ് മുഖാന്തരം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.എന്നാൽ, കേസ് പരിഗണിക്കാനോ തീരുമാനമെടുക്കാനോ നടപടിയുണ്ടായില്ല. ഹൈക്കോടതി തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനും സമയബന്ധിതമായി പൂർത്തിയാക്കാനും കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്.
-അനിൽകുമാർ, ഡിവൈ.എസ്.പി , ക്രൈംബ്രാഞ്ച്