വൈക്കം: റോഡരികിൽ യുവാവ് ചില്ലുഗ്ലാസ് പൊട്ടിച്ചിട്ടതിനെ ചൊല്ലിയുള്ള തർക്കം സംഘട്ടനത്തിൽ കലാശിച്ചു. യുവാവിന് കുത്തേറ്റു.
ചെമ്പ് ടോളിന് സമീപത്തുണ്ടായ സംഘട്ടനത്തിൽ കത്തിക്കൊണ്ട് മുറിവേറ്റ് ടോൾ സ്വദേശി വിനീതിനെ(25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടെമ്പ് ടോൾ സ്വദേശികളായ പ്രമോദൻ (50), മക്കളായ പ്രവീൺ (22), അനന്തു (20) എന്നിവർക്കെതിരെ വൈക്കം പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ വിജയോദയം സ്കൂളിന് സമീപത്തെ നിരത്തിൽ വിനീത് ചില്ലു ഗ്ലാസ് പൊട്ടിച്ചിട്ടതുമായി ബന്ധപ്പെട്ട് പ്രമോദനുമായി തർക്കമുണ്ടായെന്നും പ്രമോദന്റെ മക്കൾ പിറ്റേന്ന് രാവിലെ വിനീതുമായി ഇക്കാര്യം ചോദിച്ചപ്പോഴുണ്ടായ കലഹമാണ് സംഘടനത്തിലെത്തിച്ചതെന്ന് പൊലീസ് പറയുന്നത്. പ്രമോദനും മൂത്ത മകൻ പ്രവീണും സംഘടനത്തിൽ പരിക്കേറ്റ വിനീതും സി.പി.എം. പ്രവർത്തകരാണ്. പ്രമോദന്റെ ഇളയ മകൻ അനന്തു ബി.ജെ.പി പ്രവർത്തകനാണ്.
ബി.ജെ.പി പ്രവർത്തകർ സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. സംഭവം ഇതോടെ സി.പി.എം-ബി.ജെ.പി സംഘർഷമായി മാറിയിരിക്കുകയാണ്. പ്രശ്നം രൂക്ഷമാവാതിരിക്കാൻ പൊലീസ് സ്ഥലത്ത് റോന്തുചുറ്റുന്നുണ്ട്.