gold

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെ 1.15ന് ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി പിടിയിലായി.

മാംഗോ ജ്യൂസിനകത്ത് ഒളിപ്പിച്ചാണ് രണ്ടര കിലോഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ആറ് പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നത്. ഈ രീതിയിൽ സ്വർണം കടത്തുന്നത് കണ്ടെത്താനുള്ള സംവിധാനം വിമാനത്താവളങ്ങളിലില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മുലമാണ് ഇത് കണ്ടെത്താനായത്. അസിസ്റ്റന്റ് കമ്മിഷണർ മൊയ്തീൻ നയനയുടെയും സൂപ്രണ്ടുമാരായ ഷീല, മീന റാം സിംഗ് എന്നിവരുടെയും നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വർണം പിടികൂടിയത്.