ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിലെ ഹസൻഗഞ്ചിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന രണ്ട് ക്വിന്റൽ ജിലേബിയും 1,050 സമൂസയും പൊലീസ് കണ്ടുകെട്ടി.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പത്തുപേർ അറസ്റ്റിലായെന്നും പൊലീസ് പറഞ്ഞു.
ഹസർഗഞ്ചിലെ സ്ഥാനാർത്ഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൽ.പി.ജി സിലിണ്ടർ, മാവ്, നെയ്യ്, ജിലേബിയും സമൂസയും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.
ഏപ്രിൽ 15 മുതൽ നാല് ഘട്ടങ്ങളായാണ് യു.പിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.