ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നായ റെംഡിസിവറിന്റെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചു.. രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെ റെംഡിസിവറിന്റേയും മരുന്നുഘടകങ്ങളുടെയും കയറ്റുമതിയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്.
റെംഡിസിവർ ഉത്‌പാദിപ്പിക്കുന്ന തദ്ദേശ മരുന്ന് കമ്പനികൾ, അവരുടെ വെബ്‌സൈറ്റിൽ സ്‌റ്റോക്കിസ്റ്റുകളുടെയും വിതരണക്കാരുടെയും വിശദാംശങ്ങൾ ലഭ്യമാക്കണം. സ്റ്റോക്ക് പരിശോധിച്ച് പൂഴ്ത്തിവെയ്പ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി.
രോഗികൾ വർദ്ധിത്തുന്ന പശ്ചാത്തലത്തിൽ റെംഡിസിവറിന്റെ ആവശ്യകത കൂടുതൽ വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തദ്ദേശ മരുന്ന് കമ്പനികളുമായി ബന്ധപ്പെട്ട് റെംഡിസിവറിന്റെ ഉത്‌പാദനം വർധിപ്പിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസ് നടപടി സ്വീകരിക്കണമെന്നും സർക്കാർ നിർദേശിച്ചു.