പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിൽ താൽക്കാലിക ഹെലിപ്പാഡ് നിർമ്മിച്ചതിലൂടെ ഉണ്ടായ നാശനഷ്ടം ബി.ജെ.പി നികത്തണമെന്ന് നഗരസഭ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയുടെ വരവിനായി സ്റ്റേഡിയം വിട്ടുനൽകിയത് ബി.ജെ.പിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബി.ജെ.പി വഹിക്കണമെന്ന് നഗരസഭാ ചെയർമാൻ ആവശ്യപ്പെട്ടു.
ഈ വിഷയം ഉന്നയിച്ച് നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിൽ ബി.ജെ.പി നിർമിച്ച താൽക്കാലിക ഹെലിപ്പാഡ് ഇതുവരെ പൊളിച്ചുമാറ്റിയിട്ടില്ല. മൂന്ന് ദിവസം കൊണ്ടാണ് ഹെലിപ്പാഡ് നിർമ്മിച്ചത്. ഹെലിപ്പാഡിന്റെ നിർമ്മാണത്തോടെ സ്‌റ്റേഡിയത്തിന്റെ വലിയൊരു ഭാഗം പിച്ചും നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലെയ്ക്കിറക്കി നിർമിച്ച റോഡ്, ട്രാക്കിന്റെ നാശത്തിനും ഇടയാക്കിയിട്ടുണ്ട്. സ്റ്റേഡിയം എന്ന് പൂർവസ്ഥിതിയിലാക്കും എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
ഹെലിപ്പാഡ് പൊളിച്ചുനീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവർക്ക് ദുരിതമാണ് നൽകുന്നത്. സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തുന്ന കായിക പ്രതിഭകൾ നിരവധിത്തവണ പരാതി ഉന്നയിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഹെലിപ്പാഡ് പൊളിച്ചുമാറ്റി സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാനുള്ള ചെലവ് ബി.ജെ.പി വഹിക്കണമെന്ന ആവശ്യം നഗരസഭ ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഉയർത്തിയ പ്രധാന വികസന പദ്ധതികളിൽ ഒന്ന് ഇതേ സ്റ്റേഡിയം തന്നെയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ ഉയർത്തിയായിരുന്നു ഇടതു മുന്നണിയുടെ വോട്ടു തേടൽ.