sr

മഹാകവി കുമാരനാശാന്റെ 148-ാം ജന്മവാർഷിക ദിനമായിരുന്നു ഇന്നലെ കടന്നുപോയത്. ആശാന്റെ ജീവിതത്തെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ കെ.പി.കുമാരൻ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയിൽ ഇനിയും തീയറ്റർ റിലീസ് ചെയ്തിട്ടില്ല. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചതൊഴിച്ചാൽ കൂടുതൽ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാൻ കഴിയാതെ ചിത്രം പെട്ടിയിലിരിക്കുന്നു.

കാലമെത്ര പിന്നിട്ടിട്ടും ആശാന്റെ കവിതയുടെ ശക്തി ഇന്നും കൂടുതൽ മുഴങ്ങുകയാണ്. ആശാന്റെ കവിതകളിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ ഓരോന്നും ഒന്നിനൊന്ന് മികച്ചതെന്നേ പറയാനാവൂ. അഭിരുചികൾ വ്യത്യസ്ത്യമായതിനാൽ ആസ്വാദകർക്ക് പ്രത്യേക ഇഷ്ടങ്ങളുണ്ടാകാം.എന്നാൽ ആശാന്റെ കരുണയുടെ കാര്യത്തിൽ ആർക്കും ഭിന്നാഭിപ്രായമുണ്ടാകില്ല. " കരുണ എഴുതാൻ വേണ്ടിയാണ് ആശാൻ ജനിച്ചതെന്ന് താൻ പറയുമെന്ന് "കവിയും ദാർശനികനുമായ പി. രവികുമാർ അഭിപ്രായപ്പെട്ടു.

" കരുണ ഒരു ദാർശനിക കാവ്യശില്‌‌പമാണ്.ഒരു അൾട്രാ മോഡേൺ ഫ്രെയിമിലെന്നപോലെ കൊത്തിവച്ച ശില്‌പം. ഒരു സിനിമ പോലെ തോന്നും. ആശാൻ ഉറഞ്ഞാടിയ, ആശാന്റെ സത്ത മുഴുവൻ പിഴിഞ്ഞെടുത്ത കാവ്യമാണ് കരുണ. ആദ്ധ്യാത്മികതയുടെ ഊർജ്ജതരംഗങ്ങൾ കരുണയിൽ നിന്ന് അനുസ്യൂതം ഉയരുന്നു " രവി പറയുന്നു.

ടാഗോറിനെ ബംഗാളികൾ ആദരിക്കുന്നതുപോലെ മലയാളം കൊണ്ടാടേണ്ട കവിയാണ് കുമാരനാശാൻ. ആശാന്റെ കവിതകൾ അംഗീകരിക്കപ്പട്ടു.അത് കാലാതിവർത്തിയാണ്. എന്നാൽ ആശാൻ എന്ന വ്യക്തി എത്രമാത്രം ആദരിക്കപ്പെട്ടു...? ആ ചോദ്യമാണ് കെ.പി.കുമാരൻ എന്ന സംവിധായകനെ ഇങ്ങനെയൊരു ചിത്രം എടുക്കാൻ പ്രേരിപ്പിച്ചത്." ആശാന്റെ ജീവിതത്തിലെ മരണം വരെയുള്ള അവസാന ഏഴ് വർഷങ്ങളാണ് ( 1917-1924 ) ചിത്രത്തിന് ആധാരം. ആശാന്റെ കാവ്യജീവിതവും, ജീവിത വീക്ഷണവും ചിന്തയും രാഷ്ട്രീയവുമൊക്കെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിലാണ് ആവിഷ്‌കാരം നിർവഹിച്ചത്. എല്ലാവർക്കും ഇഷ്ടമാകുമെന്നാണ് എന്റെ വിശ്വാസം." കെ.പി.കുമാരൻ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ വത്സല ശിഷ്യനായിരുന്നു ആശാൻ. ഗുരുവാണ് കുമാരനെന്ന ശിഷ്യനെ കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതുമൊക്കെ. അതുപോലെ ഗുരുവിനെ അടയാളപ്പെടുത്തുന്നതിൽ ആശാൻ വഹിച്ച പങ്കും ചെറുതായിരുന്നില്ല. ജാതീയത തലയുയർത്തി നിന്ന കാലമായിരുന്നു. അതിന്റെ പേരിൽ അകത്തും പുറത്തും ആശാന് എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു. അകത്തു നിന്നുള്ള എതിർപ്പുകളിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നു. ആ അർത്ഥത്തിൽ നോക്കിയാൽ ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കവിത ആശാന്റെ ആത്മകഥനമായിരുന്നുവെന്ന് പറയാം. ചിത്രത്തിന് ആ പേരിടാൻ കാരണവും അതാണ്. ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കവിതകൾക്ക് ചിത്രത്തിൽ ഫോക്കസ് നൽകിയിട്ടുണ്ട്. ആശാനും ഭാനുമതിയുമായുള്ള പ്രണയവും അവരുടെ ജീവിതവുമെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന കർണാടക സംഗീതജ്ഞരിൽ ഏറ്റവും ശ്രദ്ധേയനായ ശ്രീവൽസൻ ജെ. മേനോനാണ് ആശാനായി അഭിനയിച്ചത്. ഭാനുമതിയായി ഗാർഗി അനന്തൻ എന്ന നടിയും. സിനിമയുടെ സംഗീതവും ശ്രീവൽസനാണ് നിർവഹിച്ചത്. കവിതകൾ ശ്രീവൽസനും മീര എന്ന ഗായികയും ആലപിച്ചിരിക്കുന്നു. " കുമാരനാശാനെ അവതരിപ്പിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിൽ ലഭിച്ച അനുഗ്രഹവും സൗഭാഗ്യവുമാണെന്ന് " ശ്രീവൽസൻ പറഞ്ഞു.

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച പത്ത് ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന അതിഥിയുടെ സംവിധായകനാണ് കെ.പി.കുമാരൻ. രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി മറ്റു ചിത്രങ്ങളും കുമാരൻ സംവിധാനം ചെയ്തിട്ടുണ്ട്. അതിഥിയിൽ നിന്ന് ആശാനിലേക്കെത്തുമ്പോൾ വലിയ പ്രതീക്ഷയാണ് കുമാരൻ പുലർത്തുന്നത്. " എന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ചലച്ചിത്ര ജീവിതത്തെ അർത്ഥപൂർണമാക്കുന്ന ചിത്രമാണ് ഗ്രാമവൃക്ഷത്തിലെ കുയിലെന്ന് " കുമാരൻ ഉറപ്പിച്ചു പറയുന്നു. ഈ സിനിമ പൂർത്തിയായിട്ട് ഇപ്പോൾ ഒരു വർഷത്തോളമാകുന്നു. എന്നാൽ ഈ ചിത്രം ലോകം കാണേണ്ടത് നവോത്ഥാന കേരളത്തിൽ ഊറ്റം കൊള്ളുന്ന ഏവരുടെയും കടമയല്ലേ..? സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ തീയറ്ററുകളിലടക്കം ഈ ചിത്രം പ്രദർശിപ്പിക്കാൻ മുൻ കൈയെടുക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സിനിമയെ അറിയാവുന്ന ഷാജി.എൻ.കരുണിനെപ്പോലൊരാൾ കോർപറേഷന്റെ ചെയർമാനായി ഇരിക്കുമ്പോൾ. അതിൽ വീഴ്ച വരുത്തരുത്. ഈ സിനിമ നാടൊട്ടുക്ക് പ്രദർശിപ്പിക്കുകയും ആശാനെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കുകയും ചെയ്യുമ്പോഴാണ് ജാതിമത ചിന്തകളുടെ അന്ധകാരത്തിൽ നിന്ന് ഒരു ജനതയെ മോചിപ്പിച്ചത് എങ്ങനെയാണെന്ന് പുതിയ കാലം തിരിച്ചറിയുക .അല്ലാതെ മതിൽ പണിതതു കൊണ്ടല്ല.

" ഹാ ! സുഖങ്ങൾ വെറും ജാലം , ആരറിവൂ നിയതിതൻ

ത്രാസു പൊങ്ങുന്നതും താനേ താണുപോവതും."

( കരുണ-കുമാരനാശാൻ)