അർജുൻ അശോകനും സംയുക്ത മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഉൾഫി'ന്റെ ട്രെയിലർ യൂട്യൂബിലൂടെ പുറത്തിറങ്ങി. ജിആർ ഇന്ദുഗോപന്റെ 'ചെന്നായ' എന്ന ചെറുകഥയെ ആസ്പദമാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന 'ഉൾഫ്' ഒരു ത്രില്ലർ ചിത്രമാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ, വിവാഹമുറപ്പിച്ചിരിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി അവളുടെ പ്രതിശുത വരൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 'ഉൾഫ്' പ്രമേയമാക്കുന്നത്. അർജുനിനും സംയുക്തയ്ക്കും ഒപ്പം ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദാമർ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ദാമോദരനാണ് സിനിമ നിർമിക്കുന്നത്. ഇന്ദു ഗോപൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഫായിസ് സിദ്ദിഖ്, എഡിറ്റർ: നൗഫൽ അബ്ദുള്ള, മ്യൂസിക്: രഞ്ജിൻ രാജ്, വസ്ത്രാലങ്കാരം: മഞ്ജുഷ, ആർട്ട്:ജ്യോതിഷ് ശങ്കർ, കൺട്രോളർ: ജിനു പികെ.