madhava-rao

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി.എസ്.ഡബ്‌ളിയു മാധവറാവു ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ മാസമാണ് മാധവറാവുവിന് കൊവിഡ് ബാധിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ മാധവറാവു വിജയിക്കുകയാണെങ്കിൽ മണ്ഡലത്തിൽ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

തമിഴ്നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ദത്ത്, മാധവറാവുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലെ 234 നിയോജകമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.