ന്യൂഡൽഹി: മുൻകാല പ്രാബല്യത്തോടെയുള്ള നികുതിക്കേസിൽ നെതർലൻഡ്‌സിലെ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നംഗ ട്രൈബ്യൂണലിന്റെ വിധി അംഗീകരിക്കാൻ ഇന്ത്യ തയ്യാറായാൽ 50 കോടി ഡോളറിന്റെ (3,700 കോടി രൂപ) ഇളവ് നൽകാമെന്നും ഈ തുക ഇന്ത്യൻ ഭരണകൂടം ചൂണ്ടിക്കാട്ടുന്ന എണ്ണ, റിന്യൂവബിൾ എനർജി പദ്ധതികളിൽ നിക്ഷേപിക്കാമെന്നും ബ്രിട്ടീഷ് കമ്പനിയായ കെയിൻ എനർജിയുടെ വാഗ്‌ദാനം. ഇന്ത്യ ഏർപ്പെടുത്തിയ റെട്രോസ്‌പെക്‌ടീവ് ടാക്‌സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) മൂലം കനത്ത സാമ്പത്തിക നഷ്‌ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി, കെയിൻ എനർജി സമർപ്പിച്ച കേസിലാണ് ട്രൈബ്യൂണലിൽ നിന്ന് ഇന്ത്യയ്ക്ക് എതിരായ വിധിയുണ്ടായത്.
കെയിൻ എനർജിയിൽ നിന്ന് ഏകദേശം 25,000 കോടി രൂപ മുൻകാല പ്രാബല്യത്തോടു കൂടിയ നികുതി ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് കേസിലേക്ക് വഴിതെളിച്ചത്. നടപടി ഇന്ത്യയും ബ്രിട്ടനും തമ്മിലെ ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കഴിഞ്ഞ ഡിസംബറിൽ പെർമനന്റ് കോർട്ട് ഒഫ് ആർബിട്രേഷൻ (പി.സി.എ) ചൂണ്ടിക്കാട്ടിയിരുന്നു. കെയിന് എനർജിക്ക് ഇന്ത്യ 140 കോടി ഡോളർ (10,260 കോടി രൂപ) നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി കെയിൻ എനർജി ബ്രിട്ടൻ, അമേരിക്ക, നെതർലൻഡ്‌സ്, കാനഡ, ഫ്രാൻസ്, സിംഗപ്പൂർ രാജ്യങ്ങളിലെ കോടതികളെ സമീപിച്ചു. ഈ കോടതികളെല്ലാം കെയിൻ എനർജിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. നഷ്‌ടപരിഹാരം നൽകാൻ ഇന്ത്യ തയ്യാറാകാത്തതിനാൽ, 160ഓളം രാജ്യങ്ങളിലെ ഇന്ത്യാ സർക്കാരിന്റെ ആസ്‌തികൾ കണ്ടുകെട്ടാൻ കെയിൻ നടപടികൾ തുടങ്ങിയിരുന്നു. എയർ ഇന്ത്യയുടെ വിമാനങ്ങൾ, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ വെസലുകൾ തുടങ്ങിയവയാണ് കെയിൻ ഉന്നമിട്ടത്. എന്നാൽ, ഇതിനിടെ ഇന്ത്യ കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചു. ഇതോടെയാണ്, നിലവിലെ വിധി അംഗീകരിച്ചാൽ ഇന്ത്യയ്ക്ക് ഇളവ് നൽകാമെന്ന് കെയിൻ എനർജി വ്യക്തമാക്കിയത്.
കേസിന്റെ വഴി
2006-07ൽ ആഭ്യന്തര പുനഃസംഘടനയുടെ ഭാഗമായി കെയിൻ ഇന്ത്യ ഹോൾഡിംഗ്‌സ് കമ്പനിയുടെ ഓഹരികൾ മാതൃകമ്പനിയായ കെയിൻ യു.കെ., കെയിൻ ഇന്ത്യ കമ്പനിക്ക് കൈമാറിയിരുന്നു. ഇതിലൂടെ കെയിൻ യു.കെ സാമ്പത്തികലാഭം നേടിയെന്ന് കണ്ടെത്തിയ ഇന്ത്യൻ ആദായനികുതി വകുപ്പാണ് 25,000 കോടി രൂപയുടെ റെട്രോ ടാക്‌സ് ആവശ്യപ്പെട്ടത്. ഇതിനെതിരെ ഇന്ത്യയിലെ കോടതികളെ കമ്പനി സമീപിച്ചെങ്കിലും തോറ്റു. തുടർന്നാണ് കേസ് അന്താരാഷ്‌ട്ര കോടതികളിലേക്ക് നീണ്ടത്.