
കൊച്ചി: ബംഗളുരുവില്‍ നിന്നും മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം കൊച്ചിയിലേക്ക് മാറ്റിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ റെയ്ഡ്. ശനിയാഴ്ച രാത്രി 11.30യോടെ കൊച്ചിയിലെ അഞ്ച് ഹോട്ടലുകളിൽ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, എക്‌സൈസ് എന്‍ഫോഴിസ്‌മെന്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. എല്ലായിടത്തും ഒരേ സമയത്തായിരുന്നു റെയ്ഡ്. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരിൽ അധികവും 20 മുതൽ 25 വയസ് വരെയുളള യുവാക്കളും യുവതികളുമാണ്.
എറണാകുളം,കോട്ടയം ജില്ലകളില്‍ നിന്നുള്ള യുവാക്കളും യുവതികളുമായിരുന്നു നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും. വിദ്യാര്‍ത്ഥികള്‍,ഡോക്ടര്‍മാരടക്കമുള്ള പ്രൊഫഷണലുകളും പാര്‍ട്ടിയില്‍ പങ്കെടുത്തു. റെയ്ഡ് നടക്കുന്നതായി സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ നിശാപാര്‍ട്ടികളില്‍ നിന്നും യുവതീ യുവാക്കള്‍ ചിതറിയോടി. എന്നാല്‍ ചക്കരപ്പറമ്പിലെ ഹോട്ടലിൽ ഡി.ജെ. പാര്‍ട്ടി നടത്തിയവര്‍ക്ക് പരിശോധക സംഘമെത്തിയപ്പോഴേക്കും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്പോള്‍ മദ്യപിച്ച് അബോധാവസ്ഥയില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പലരും.
ചക്കരപ്പറമ്പിലെ ഹോട്ടലിലടക്കം ലഹരി ഉപയോഗിക്കുന്ന വാരാന്ത്യപാര്‍ട്ടികള്‍ നടക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർ ലഹരിയുമായാണോ എത്തിയത് എന്നതിലായിരുന്നു പരിശോധന. ലഹരി മരുന്നുണ്ടെങ്കിൽ മണം പിടിച്ചു തിരിച്ചറിയുന്ന നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ നാലുപേരിൽ നിന്ന് എം.ഡി.എം.എ ഉൾപ്പടെയുള്ള സിന്തറ്റിക് ലഹരി കണ്ടെത്തി. ഇവരെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശിയും ബംഗലരൂവില്‍ താമസക്കാരനുമായി ഡിസ്‌ക് ജോക്കി അന്‍സാര്‍, നിശാ പാര്‍ട്ടിയുടെ നടത്തിപ്പുകാരായ നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പടിയിലായത്.മൂവരും എറണാകുളം സ്വദേശികളാണ്. റെയ്ഡ് പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ നീണ്ടു.