ports

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാതെ കൊച്ചിയടക്കമുള്ള മേജർ തുറമുഖങ്ങൾ. മാ‌ർച്ച് 31ന് സമാപിച്ച 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 12 മേജർ തുറമുഖങ്ങളും കൂടി കൈകാര്യം ചെയ്‌തത് 672.60 മില്യൺ ടൺ ചരക്കുകളാണ്. 2019-20ലെ 705 മില്യൺ ടണ്ണിനെ അപേക്ഷിച്ച് 4.59 ശതമാനം കുറവാണിത്. 2018-19ൽ 699 മില്യൺ ടൺ, 2017-18ൽ 679 മില്യൺ ടൺ എന്നിങ്ങനെയായിരുന്നു ചരക്കുനീക്കം. കൊവിഡിൽ കണ്ടെയ്‌നറുകൾ, കൽക്കരി, പെട്രോളിയം ഉത്‌പന്നങ്ങൾ എന്നിവയുടെ നീക്കം കുറഞ്ഞതാണ് തിരിച്ചടിയായത്.

പാരദ്വീപ് (ഒഡീഷ), മർമുഗാവ് (ഗോവ) ഒഴികെയുള്ള പത്ത് തുറമുഖങ്ങളും നഷ്‌ടം കുറിച്ചു. പാരദ്വീപ് 1.65 ശതമാനം വർദ്ധനയോടെ 114.54 മില്യൺ ടണ്ണും മർമുഗാവ് 37.06 ശതമാനം നേട്ടത്തോടെ 21.95 മില്യൺ ടണ്ണും ചരക്കുകൈകാര്യം ചെയ്‌തു. കാമരാജർ (എന്നോർ, തമിഴ്നാട്) തുറമുഖത്തെ ചരക്കുനീക്കം 18.46 ശതമാനം ഇടിഞ്ഞ് 25.88 മില്യൺ ടണ്ണിലൊതുങ്ങി. മുംബയ്, വി.ഒ ചിദംബർനാർ (തൂത്തുക്കുടി) തുറമുഖങ്ങൾ പത്തു ശതമാനം വീതം കുറവ് രേഖപ്പെടുത്തി. ഏഴ് ശതമാനം വീതം ഇടിവാണ് കൊച്ചി, ചെന്നൈ, ന്യൂ മാംഗ്ളൂർ എന്നിവ കുറിച്ചത്.

ജവഹർലാൽ നെഹ്‌റു തുറമുഖം (മഹാരാഷ്‌ട്ര) 5.32 ശതമാനവും ദീൻദയാൽ തുറമുഖം (കണ്ട്‌ല, ഗുജറാത്ത്), കൊൽക്കത്ത (ഹാൽദിയ ഉൾപ്പെടെ) തുറമുഖം എന്നിവ നാലു ശതമാനം വീതവും വിശാഖപട്ടണം പോർട്ട് 3.96 ശതമാനവും നഷ്‌ടം നേരിട്ടു.