കോട്ടയം: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ്. കേരളത്തിൽ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തൊടുപുഴയില്‍ എച്ച്ആർഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസി ജോർജ്ജ് ഇത്തരത്തിൽ സംസാരിച്ചത്. തന്റെ പ്രസംഗത്തിനിടെ സുപ്രീം കോടതിയെയും രാഷ്ട്രീയ നേതാവ് വെല്ലുവിളിച്ചു.
'സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത് പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോർജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം ഞാന്‍ അങ്ങ് നേരിട്ടോളാം.'-പിസി പറയുന്നു.
നമ്മുടേത് മതേതര, സോഷ്യലിസ്റ്റ് രാജ്യമാണെന്നും അങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നതെന്നും പിസി ജോർജ് ആരോപിച്ചു. കേരളത്തിൽ ലൗ ജിഹാദ് കൂടുതലാണെന്ന് പറഞ്ഞ ജോർജ്, സ്വന്തം താത്പര്യം അനുസരിച്ച്, ഇടത്-വലത് മുന്നണികൾ ഒത്തുചേർന്ന്, 2030തോടെ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.
content highlights: pc george says india should be declared a hindu nation