ചെന്നൈ : പുതിയ ഐ.പി.എൽ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ ടോസ് നഷ്ടപ്പെട്ടിറങ്ങിയ കൊൽക്കത്ത ഓപ്പണർ നിതീഷ് റാണയുടെയും (80) ഫസ്റ്റ് ഡൗൺ രാഹുൽ ത്രിപാതിയുടെയും (53)ബാറ്റിംഗ് മികവിൽ 187/6 എന്ന സ്കോറിലെത്തുകയായിരുന്നു. മറുപടിക്കിറങ്ങിയ സൺ റൈസേഴ്സ് 177/ 5 എന്ന സ്കോറിലേ എത്തിയുള്ളൂ.
56 പന്തുകളിൽ ഒൻപത് ഫോറുകളും നാലുസിക്സുമടക്കമാണ് റാണ 80 റൺസടിച്ചത്..29 പന്തുകളിൽ അഞ്ചു ഫോറും രണ്ട് സിക്സുമടക്കമാണ് ത്രിപാതി 53 റൺസടിച്ചത്. സൺറൈസേഴ്സിന് വേണ്ടി മനീഷ് പാണ്ഡെ (61*),ജോണി ബെയർ സ്റ്റോ (55) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്ടൻ ഡേവിഡ് വാർണർ കൊൽക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിതീഷ് റാണയും ശുഭ്മാൻ ഗില്ലും (15) ചേർന്ന് ഏഴോവറിൽ 53 റൺസ് അടിച്ചുകൂട്ടി മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 13 പന്തുകളിൽ ഓരോ ഫോറും സിക്സും പറത്തിയ ഗില്ലിനെ റാഷിദ് ക്ളീൻ ബൗൾഡാക്കിയെങ്കിലും കൊൽക്കത്തയ്ക്ക് അതൊരു ആഘാതമായില്ല.ഫസ്റ്റ് ഡൗണായിറങ്ങിയ രാഹുൽ ത്രിപാതിയും റാണയും ചേർന്ന് കത്തിക്കയറി.50 പന്തുകളിൽ 93 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത്. 16-ാം ഓവറിൽ ടീം സ്കോർ 146ൽ വച്ചാണ് ത്രിപാതിയെ പുറത്താക്കി സഖ്യം പൊളിക്കാൻ നടരാജന് കഴിഞ്ഞത്
ത്രിപാതി പുറത്തായ ശേഷം പ്രതീക്ഷയായിരുന്ന ആന്ദ്രേ റസൽ (5) പെട്ടെന്ന് മടങ്ങി.റാഷിദ് ഖാനാണ് റസിലിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചത്.18-ാം ഓവറിൽ റാണയ്ക്കും കൂടാരം കയറേണ്ടി വന്നു. സെഞ്ച്വറി പ്രതീക്ഷയുമായി നിന്ന റാണയെ മുഹമ്മദ് നബിയുടെ പന്തിൽ വിജയ് ശങ്കർ പിടികൂടുകയായിരുന്നു. പിന്നാലെ നായകൻ ഇയോൻ മോർഗനും (2) കൂടാരം കയറി.