ratheesh-death

കണ്ണൂർ: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനുപിന്നാലെ റൂറൽ എസ്.പി നേരിട്ടെത്തി പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിക്കാനാണ് എസ്.പി നേരിട്ട് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുടെ മൊഴി എടുത്തത്. കൂടുതൽ വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. അതേസമയം രതീഷ് തൂങ്ങിമരിച്ച നിലയിൽ കണ്ട സ്ഥലത്ത് വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരും സംഘത്തിലുണ്ടായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെയാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിൽ പരിശോധന നടത്തിയത്.

ഏപ്രിൽ ഒൻപതിനാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. കൊലപാതകത്തിനു ശേഷം രതീഷ് ഒളിവിലായിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചതിന് പിന്നാലെയായിരുന്നു മരണം. മൻസൂർ വധക്കേസിൽ രണ്ടാം പ്രതിയാണ് രതീഷ്.