ramsab-

ജിദ്ദ: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സൗദി അറേബ്യയിലും ഖത്തറിലും റംസാൻ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്നും ഉണര്‍ത്തിയിരുന്നു. എന്നാല്‍ ബൈനോക്കുലര്‍ അടക്കമുള്ള സജ്ജീകരണങ്ങളുമായി പല ഭാഗങ്ങളിലും നിരീക്ഷണം നടത്തിയിരുന്നെങ്കിലും മാസപ്പിറവി ദര്‍ശിച്ചില്ലെന്ന് സൗദിയില്‍ ആദ്യം സൂര്യന്‍ അസ്തമിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള നിരീക്ഷണ സമിതികള്‍ അറിയിച്ചു.

മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ ചൊവ്വാഴ്ച റംസാന്റെ ആദ്യ ദിനം ആയിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതി അറിയിച്ചു.

തിങ്കളാഴ്ച ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റംസാന്‍ വ്രതാരംഭത്തിന് തുടക്കമിടുമെന്നും ഔഖാഫ് ട്വിറ്ററില്‍ അറിയിച്ചു.