ന്യൂഡൽഹി: സേവനങ്ങൾക്ക് വേണ്ടി മാത്രം ഉയർത്തിയ ചാർജുകളിലൂടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് (എസ്.ബി.ഐ) അഞ്ച് വർഷം കൊണ്ട് ലഭിച്ചത് 300കോടി രൂപ. 2015-20 കാലയളവിൽ എസ്.ബി.ഐയ്ക്ക് മാത്രം ലഭിച്ച തുകയാണിത്. ഇതിൽ തന്നെ 12 കോടിയും ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണെന്നും ഐ.ഐ.ടി ബോംബെ നടത്തിയ പഠനത്തിൽ പറയുന്നു.
ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നാല് തവണക്ക് മുകളിൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപ ചാർജ് ഈടാക്കാനുള്ള എസ്.ബി.ഐയുടെ തീരുമാനം ന്യായമല്ലെന്നും പഠനം നിരീക്ഷിച്ചു. ഇതേസമയം രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 3.9 കോടി ബേസിക് സേവിംഗ്സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുകളിൽ (ബി.എസ്.ബി.ഡി.എ) നിന്നടക്കം ആകെ 9.9 കോടി രൂപയാണ് നേടിയത്. ബി.എസ്.ബി.ഡി.എ അക്കൗണ്ടുകളുടെ കാര്യത്തിൽ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പലതും എസ്.ബി.ഐ പാലിച്ചില്ലെന്നും വിമർശനമുണ്ട്.