തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസത്തിനിടെ ജില്ലയിൽ 2000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധം പാളുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല. ജില്ലയിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെപ്പറ്റി ജില്ലാ കളക്ടർ പൊലീസിനും അധികൃതർക്കും കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഒരാഴ്ച പിന്നിട്ടിട്ടും നഗരത്തിൽ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നില്ലെന്നതാണ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന വ്യക്തമാക്കുന്നത്. വിഷു കൂടി എത്തിയതോടെ തിരക്ക് അനിയന്ത്രിതമാകും.
2000 രോഗികളിൽ പകുതിയിലും നഗരത്തിലാണെന്നതും ആശങ്കയേറ്റുന്നു. ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂടുതൽ പരിപാടികളും ആഘോഷങ്ങളും നടന്നത് നഗരത്തിലായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട പൊലീസിന്റെ പരിശോധനയും കേവലം വാഹനപരിശോധനയിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം തന്നെ തിരക്ക് ക്രമാതീതമാണ്. ഈ സ്ഥിതിയിൽ മുന്നോട്ട് പോയാൽ രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാണ് ജില്ലാഭരണകൂടം പറയുന്നത്.
നിയന്ത്രണങ്ങൾ ലംഘിച്ച് നഗരത്തിലെ പല സ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് പതിവായി. പല വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസറുകൾ പോലുമില്ലാത്ത അവസ്ഥയാണ്. ഇക്കാര്യങ്ങൾ ഫലപ്രദമായി പരിശോധിക്കാൻ നഗരസഭയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ടീം പ്രവർത്തനം കൂടുതൽ സജീവമാക്കേണ്ടതുണ്ട്. നഗരസഭയുടെ ഹെൽത്ത് സ്‌ക്വാഡിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തെപ്പറ്റിയുള്ള ബോധവത്കരണ മൈക്ക് അനൗൺസ്‌മെന്റും ഇപ്പോൾ നിലവിലില്ല. വിഷു അടുത്തതോടെ ചാല അടക്കമുള്ള കമ്പോളങ്ങളിൽ തിരക്ക് ഏറിയിട്ടുണ്ട്. പാളയം മാർക്കറ്റിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ പൊലീസിന്റെയോ നഗരസഭയുടെയോ ഹെൽത്ത് സ്‌ക്വാഡിന്റെയോ പരിശോധനയും ഫലപ്രദമല്ല. പല സ്ഥലങ്ങളിലായി നഗരസഭ സ്ഥാപിച്ചിരുന്ന സാനിറ്റൈസർ കിയോസ്‌കുകളും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ജില്ലയിൽ മൂന്ന് ശതമാനത്തിലെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനം ആയിട്ടുണ്ട്. 15 ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഏഴ് വരെ ടി.പി.ആർ 5ന് താഴെയായിരുന്നു. വെള്ളിയാഴ്ച ആയപ്പോഴേക്കും ടി.പി.ആർ 4.16 ശതമാനത്തിൽ നിന്ന് 5.82 ശതമാനത്തിലെത്തി. പിന്നീട് 7.76ലേക്കും എത്തുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന അടിസ്ഥാനമാക്കിയുള്ള ടി.പി.ആർ11.4 ശതമാനം ആണ്. സർക്കാർ ആശുപത്രികളേക്കാൾ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ സ്വകാര്യ മേഖലയിലാണ് നടക്കുന്നത്. എന്നാൽ, അവിടത്തെ കണക്ക് അനുസരിച്ചുള്ള ടി.പി.ആർ 3.9 ശതമാനം ആണ്.