court

ന്യൂഡൽഹി: സുപ്രീംകോടതിയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പകുതിയോളം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ജീവനക്കാരിൽ പലരും നിരീക്ഷണത്തിലാണ്. മുഴുവൻ കോടതി മുറികളും അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു.

സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായതോടെ ജഡ്ജിമാർ കോടതിയിലേക്ക് വരാതെ വീഡിയോ കോൺഫറൻസിലൂടെ കേസുകൾ കേൾക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുകാരണം ഇന്ന് വൈകിയായിരിക്കും കോടതി നടപടികൾ ആരംഭിക്കുക.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് രേഖപ്പെടുന്നത്. പ്രതിദിന രോഗബാധ 1.68 ലക്ഷമായി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതൽ. ഇവിടെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ 63,294പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്.

രോഗബാധിതരുടെ എണ്ണം ഇവിടെ ഓരോദിവസവും ഭീതിജനകമാംവിധം കൂടിക്കൊണ്ടിരിക്കുകയാണ്. രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികൾക്കുപോലും കിട‌ക്കൾ കിട്ടാത്ത അവസ്ഥയാണ്. ഒസ്മാനാബാദ് ജില്ലയിൽ കിടക്കളുടെ കുറവ് മൂലം വീൽ ചെയറിൽ ഇരുത്തിയാണ് രോഗികൾക്ക് ഓക്‌സിജൻ നൽകിയത്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജൻ കിട്ടാത്ത അവസ്ഥയാണ്.