covid19

ന്യൂഡൽഹി: രാജ്യത്ത് ഭീതിജനകമാംവിധം കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് രോഗം ബാധിച്ചത്. ഇതാേട‌െ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി. തുടർച്ചയായി ആറാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിൽ എത്തുന്നത്. 24 മണിക്കൂറിനിടെ 904 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇതുവരെ 1,70,179 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1,21,56,529 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. ഇന്നലെ മാത്രം 63,294 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോ‌ടെ ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിട്ടുണ്ട്. മരണസംഖ്യ 57,987 ആയി. രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് ഓരോദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികളും ബുദ്ധിമുട്ടുകയാണ്. ഗുരുതരാവസ്ഥയിലായ രോഗികൾക്കുപോലും കിട‌ക്കകൾ കിട്ടാത്ത അവസ്ഥയാണ്. ഒസ്മാനാബാദ് ജില്ലയിൽ കിടക്കളുടെ കുറവ് മൂലം വീൽ ചെയറിൽ ഇരുത്തിയാണ് രോഗികൾക്ക് ഓക്‌സിജൻ നൽകിയത്. കൊവിഡ് രോഗികളല്ലാത്തവരെ പ്രവേശിപ്പിക്കുന്നത് പല ആശുപത്രികളും നിറുത്തിവച്ചിരിക്കുകയാണ്. പലയിടങ്ങളിലും ഓക്സിജൻ കിട്ടാനില്ലെന്നും റിപ്പോർട്ടുണ്ട്.

കർണാടകയിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ആറുമാസത്തിനുശേഷമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,65,290 ആയി.

കേരളത്തിൽ ഇന്നലെ 6986 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.