ആലപ്പുഴ: കായംകുളത്ത് അരിതാ ബാബു വിജയിച്ചേക്കുമെന്ന യു ഡി എഫ് പ്രതീക്ഷകൾക്കിടയിൽ അരിതയ്‌ക്കെതിരായ എ എം ആരിഫിന്റെ പരാമർശം തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ സി പി എം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വന്ന ആരിഫിന്റെ വിവാദ പ്രസംഗം യു ഡി എഫ് സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നു. ആരിഫ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ പ്രസംഗം സ്ഥാനാർത്ഥികളെ തോൽപ്പിക്കാനായി അവസാന ദിവസങ്ങളിൽ പാർട്ടിയിലെ തന്നെ ചില നേതാക്കൾ ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ.
പ്രതിഭയ്‌ക്ക് എളുപ്പത്തിൽ ജയിക്കാൻ കഴിയുന്ന മണ്ഡലമായിരുന്നു കായംകുളം. ഇവിടെ അനാവശ്യമായ പ്രവർത്തനങ്ങളാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. കായംകുളത്ത് പാർട്ടിയിൽ എം എൽ എയും പ്രാദേശിക നേതാക്കളും തമ്മിൽ പല പ്രശ്‌നങ്ങളും നിലനിന്നിരുന്നു.എന്നാൽ മികച്ച എം എൽ എ എന്ന പേരാണ് മണ്ഡലത്തിലുടനീളം പ്രതിഭ സമ്പാദിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആരിഫിന്റെ പരാമർശം പരിശോധിക്കാമെന്നാണ് ജില്ലയിലെ പ്രമുഖ സി പി എം നേതാക്കൾ പറയുന്നത്. പ്രതിഭ മണ്ഡലത്തിൽ തോൽക്കുന്ന സാഹചര്യമുണ്ടായാൽ പഴി ആരിഫിന് മേലെ ആയിരിക്കും. ആരിഫിന്റെ പരാമർശം ബോധപൂർവമാണെന്ന ആക്ഷേപവും ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യം പ്രത്യേകമായി പരിശോധിക്കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം. ആലത്തൂരിൽ രമ്യാ ഹരിദാസിന് എതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിന് തുല്യമായിരുന്നു ആരിഫിന്റേയും വാക്കുകളെന്നായിരുന്നു സി പി എമ്മിനുളളിലെ തന്നെ അഭിപ്രായം.
അമ്പലപ്പുഴയിൽ ജി സുധാകരനെ ലക്ഷ്യം വച്ച് നിരവധി ആരോപണങ്ങളാണ് പാർട്ടിക്കുളളിൽ ഉയരുന്നത്. പാർട്ടി നിർദേശം പാലിച്ച് അമ്പലപ്പുഴയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടും ഇത്തരം ആക്ഷേപങ്ങൾ വരുന്നതിൽ സുധാകരൻ ക്ഷുഭിതനാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇന്നലെ വാർത്താസമ്മേളനം വിളിച്ച് പൊട്ടിത്തെറിച്ചത്.