ബാബാ സാഹേബ് അംബേദ്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് എഴുപത്തിയൊന്ന് വർഷവും പിന്നിടുന്നു. വിരോധാഭാസമാവാം, അംബേദ്കർ അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉന്നയിച്ച പല പ്രശ്നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ കിടക്കുന്നത് . അധഃസ്ഥിത വിഭാഗങ്ങളുടെ ജീവിതം വലിയ മാറ്റങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നു എന്നർത്ഥം. ഗുജറാത്തി എഴുത്തുകാരൻ ദൾപത് ചൗഹാന്റെ കഥ, 'ഭവനം', ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ്. കഥയിലെ മുഖ്യകഥാപാത്രം ഇഷ്ടിക കൊണ്ട് വീടുകെട്ടാൻ പഞ്ചായത്ത് സമിതിയുടെ അനുവാദത്തിനായി ചെല്ലുമ്പോൾ അതിലെ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യം
'നിങ്ങൾ ഇഷ്ടിക വീട്ടിൽ ജീവിക്കാൻ തുടങ്ങിയാൽ ഞങ്ങൾ എവിടെ താമസിക്കും? പൊന്നിൽ തീർത്ത വീട്ടിലോ? ' - വർത്തമാനകാല ദളിത് ജീവിതത്തിന്റെ ബാക്കിപത്രമാണിത്. അംബേദ്കറിന്റെ വാക്കുകളിൽ പറഞ്ഞാൽ, 'മനുഷ്യത്വത്തിന്റെ പട്ടയം ഇപ്പോഴും അവർക്ക് നിഷിദ്ധമായിരിക്കുന്നു'.
ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും അംബേദ്കറിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവരുമാണ്. ബി.ജെ.പി പോലും ഇതിനൊരപവാദം ആകുന്നില്ല. അതേസമയം, മറുവശത്ത് അദ്ദേഹത്തിന്റ ആശയങ്ങളെയും സാമൂഹ്യ കാഴ്ചപ്പാടുകളെയും അവഗണിക്കുന്നു. ഇന്ത്യൻ രാഷ്രീയസമൂഹവും വരേണ്യവർഗവും അദ്ദേഹത്തെ 'ബഹുമാനിച്ച് നിരാകരിക്കുന്നു'. ഇത് മറ്റൊന്നും കൊണ്ടല്ല, അംബേദ്കർ ഏറ്റെടുത്ത പ്രശ്നങ്ങളും അവയിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളും അവർക്ക് ഇന്നും ചതുർത്ഥിയായി തുടരുന്നു.
അംബേദ്കറും ഹിന്ദുമതവും
അംബേദ്കറുടെ രാഷ്ട്രീയ ബൗദ്ധിക ജീവിതം മുഖ്യമായും ഹിന്ദുമതത്തിലെ ചില മൗലിക സമസ്യകളെയും അവയിൽ നിന്ന് രൂപംകൊണ്ട രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളെയും ചുറ്റിപ്പറ്റിയാണല്ലോ നീങ്ങിയത്. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വവുമായി, പ്രത്യേകിച്ച് ഗാന്ധിജിയുമായി, അദ്ദേഹം തുറന്ന പോരിൽ ഏർപ്പെട്ടതും ഇക്കാര്യങ്ങളിലാണ്. ഇതേ അഭിപ്രായഭിന്നത അദ്ദേഹം കമ്മ്യൂണിസ്റ്റുകളുമായും വച്ചുപുലർത്തിയിരുന്നു.
അംബേദ്കറുടെ അഭിപ്രായത്തിൽ, ജാതിസമ്പ്രദായമാണ് അധഃസ്ഥിത വർഗത്തിന്റെ പിന്നാക്കാവസ്ഥയുടെ മൂലകാരണം. ഓരോ ഹൈന്ദവനും ജാതിയുടെയും അത് മുന്നോട്ടു വയ്ക്കുന്ന മാമൂലുകളുടെയും ലോകത്തെ അച്ചടക്കമുള്ള പ്രജയാണ്. മുകളിലേക്ക് പോകുന്തോറും ആദരവും താഴേക്ക് വരുന്തോറും വെറുപ്പും പ്രസരിപ്പിക്കുന്ന ശ്രേണീകൃതമായ ഈ വ്യവസ്ഥയിൽ ഓരോ ജാതിക്കാരനും മറ്റുള്ളവരിൽ നിന്ന് തങ്ങളെ വേർതിരിക്കുന്ന അതിരുകൾ സ്വയം ബലപ്പെടുത്തുന്നു. ജാതിസമ്പ്രദായത്തിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ ദളിത് വിമോചനവും ഹൈന്ദവ മതത്തിന്റെ ജനാധിപത്യവത്കരണവും സാദ്ധ്യമാവൂ എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
അധഃസ്ഥിത വർഗവിമോചനം
സ്ത്രീകൾ ഉൾപ്പടെ അടിച്ചമർത്തപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിന്റെ ഭാഗമായാണ് അദ്ദേഹം അധഃസ്ഥിത വർഗത്തിന്റ വിമോചനത്തെ കണ്ടത്. ഇതിനായുള്ള ശ്രമം ഹിന്ദുമതത്തിനുള്ളിൽ തുടങ്ങി ഒടുവിൽ അതിന് പുറത്തേക്ക് പോവുകയാണുണ്ടായത്. അസ്പൃശ്യതയുടെ അടിസ്ഥാനമായ ജാതിവ്യവസ്ഥയെ ഇല്ലാതാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത് (1956 ) ഓർക്കുക.
ജാതിവിരുദ്ധ പോരാട്ടത്തിന് സമാന്തരമായി, അധഃസ്ഥിത സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും അവർക്ക് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാനും അവരെ രാഷ്ട്രീയമായി സംഘടിപ്പിക്കാനുമുള്ള ശ്രമങ്ങൾക്കും അദ്ദേഹം ചുക്കാൻ പിടിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിലും സർക്കാർ സർവീസിലും നിയമനിർമ്മാണ സഭകളിലും അവർക്ക് സംവരണം ഉറപ്പാക്കിയതും അസ്പൃശ്യത നിയമം മൂലം നിരോധിച്ചതും എടുത്ത് പറയേണ്ട നേട്ടങ്ങൾ തന്നെ. ഇൻഡിപ്പെൻഡന്റ് ലേബർ പാർട്ടിയും (1936) ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനും (1942) റിപ്പബ്ളിക്കൻ പാർട്ടിയും ( അദ്ദേഹത്തിന്റെ മരണശേഷം, 1957ൽ) ഇവരെ രാഷ്ടീയമായി സംഘടിപ്പിക്കാനുള്ള യത്നത്തിന്റെ ഭാഗമായിരുന്നു. സ്ത്രീ വിമോചനം ലക്ഷ്യമിട്ട് അദ്ദേഹം തയ്യാറാക്കി പാർലമെന്റിൽ അവതരിപ്പിച്ച ഹിന്ദുകോഡ് ബില്ലും അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതത്തിലെ പ്രധാനപ്പെട്ട മറ്റൊരു സംഭവമാണ്.
ഒരു കാര്യം വ്യക്തമാണ്. അംബേദ്കർ നയിച്ചത് വ്യത്യസ്തമായൊരു സ്വാതന്ത്ര്യ സമരമാണ്. സ്ത്രീകളും അധഃസ്ഥിതരുമടക്കം അടിച്ചമർത്തപ്പെട്ട മുഴുവൻ സമൂഹത്തിന്റെയും മോചനത്തിനു വേണ്ടിയുള്ള സമരം.