സ്ത്രീയും പുരുഷനും ഇവിടെ തുല്യരാണോ ? ചോദിക്കുന്നത് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയിലിരുന്നാകുമ്പോൾ അതിന് പ്രസക്തിയേറും. ആചാരങ്ങളും വിശ്വാസങ്ങളും അധികാരവും അവകാശങ്ങളുമെല്ലാം കുഴഞ്ഞു മറിഞ്ഞ് സങ്കീർണമായ നാട്ടിൽ പക്ഷേ, സ്ത്രീപുരുഷാന്തരം അപകടകരമാം വിധം ഏറിവരുന്നു എന്നതാണ് സത്യം. ആ അർത്ഥത്തിൽ മാത്രം സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് പറയാം.
ആ ഓർമ്മപ്പെടുത്തൽ പതിവുപോലെ ഈ വർഷവും വേൾഡ് ഇക്കണോമിക് ഫോറം നടത്തുന്നുണ്ട്. 2021 ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്‌സിൽ 156 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 140. 2020നേക്കാൾ 28 സ്ഥാനങ്ങൾ പിന്നിൽ.
ഗ്ലോബൽ ജെൻഡർ
ഗ്യാപ് ഇൻഡക്‌സ്
2006 മുതലാണ് വേൾഡ് ഇക്കണോമിക് ഫോറം ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ഓരോ രാജ്യത്തും ലഭ്യമായ വിഭവങ്ങൾക്കും അവസരങ്ങൾക്കുമപ്പുറം, അവ സ്വായത്തമാക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലുമുള്ള സ്ത്രീപുരുഷ അന്തരം അളക്കുകയാണ് ഈ ഇൻഡക്‌സ് ചെയ്യുന്നത്. നാല് സുപ്രധാന സൂചകങ്ങളും അവയുടെ 14 ഉപസൂചകങ്ങളും ഉപയോഗിച്ചുള്ള ശാസ്ത്രീയ രൂപകല്‌പനയാണ് ഫോറം നടത്തുന്നത്. സാമ്പത്തിക പങ്കാളിത്തം, അവസരങ്ങൾ, വിദ്യാഭ്യാസ നിലവാരം, ആരോഗ്യവും അതിജീവനവും രാഷ്ട്രീയ ശാക്തീകരണം, എന്നിവയാണ് ജെൻഡർ ഗ്യാപ് ഇൻഡക്‌സിന്റെ സൂചകങ്ങൾ.
ഇന്ത്യയുടെ സ്ഥാനം
2021 ലെ റിപ്പോർട്ടിൽ ഐസ്‌ലാൻഡ്, ഫിൻലാൻഡ്, നോർവേ, ന്യൂസിലാൻഡ്, സ്വീഡൻ എന്നിവ മുൻനിരയിൽ നിൽക്കുമ്പോൾ നിരാശാജനകമാം വിധം ഇന്ത്യ 140-ാം സ്ഥാനത്താണ്. റിപ്പോർട്ട് പ്രകാരം ഇന്ത്യയ്‌ക്ക് ഇതിനോടകം ഇല്ലാതാക്കാൻ സാധിച്ചത് 62.5 ശതമാനം ജെൻഡർ ഗ്യാപ് മാത്രമാണ്. ഇന്ത്യയാൽ മൂടപ്പെട്ടു കിടക്കുന്ന ബംഗ്ലാദേശ് പോലും 71.9 ശതമാനം ജെൻഡർ ഗ്യാപ് ഇല്ലാതാക്കി, സൗത്ത് ഏഷ്യയിലെ മികച്ച പ്രകടനം സ്വന്തമാക്കി എന്നതും ശ്രദ്ധിക്കുമല്ലോ. അപ്പോഴും, ഇന്ത്യ ഈ മേഖലയിൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ശേഷം മൂന്നാമത്തെ മോശം പ്രകടനക്കാരായി താഴേക്ക് തന്നെ വളരുകയാണ്.
തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യമെടുത്താൽ ഇന്ത്യയിലേത് (2019) ൽ പുരുഷൻ മാർക്കിടയിൽ 76 ശതമാനം ആയിരിക്കുമ്പോൾ സ്ത്രീകളിൽ കേവലം 23.5 ശതമാനം മാത്രമാണ്. 2011 ലെ സെൻസസ് പ്രകാരമുള്ള സാക്ഷരതാ ഗ്യാപ് 18 ശതമാനത്തോളം വരും. സുപ്രധാനമായൊരു പോരായ്മ അധികാര സ്ഥാനങ്ങളിലെ പുരുഷമേധാവിത്വമാണ്. പാർലമെന്റിലെ സ്ത്രീകളുടെ എണ്ണം 14 ശതമാനം മാത്രമാണെന്നതും വനിതാ മന്ത്രിമാർ 9.1ശതമാനം ആണെന്നതും ശ്രദ്ധേയമായ പോരായ്മകൾ തന്നെ. രാജ്യത്തെ 63 കോടിയോളം വരുന്ന സ്ത്രീകളിൽ മൂന്നിൽ ഒരാൾ ഇന്നും നിരക്ഷരയാണെന്നതിൽ നിന്ന് ആരംഭിക്കുന്നു, നമ്മുടെ ജെൻഡർ ഗ്യാപിന്റെ തീവ്രത.
ഇനിയെത്ര ദൂരം ?
ലിംഗസമത്വത്തിൽ നാൾതോറും പിന്നിലേക്കുള്ള ഇന്ത്യയുടെ വളർച്ച ശുഭസൂചകമല്ല.കേവലം തൊഴിലുറപ്പും കടലാസ് പദ്ധതികളും ഇന്ത്യൻ വനിതകളെ ശക്തരാക്കില്ല. സ്വതന്ത്ര ഭാരതത്തിലിന്നുവരെ രാജ്യത്ത് 16 വനിതാ മുഖ്യമന്ത്രിമാർ മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നതിൽ നിന്നുതന്നെ പ്രാതിനിധ്യ വിടവ് വ്യക്തമാണ്.കേരളം കൊണ്ടുവന്നതുപോലുള്ള പഞ്ചായത്തിരാജ് സ്ഥാപനങ്ങളിലെ 50ശതമാനം സ്ത്രീ സംവരണത്തിന്റെ അലകൾ ഇതര രംഗങ്ങളിലും വനിതകളെ ശക്തരാക്കും. നീതി ആയോഗിന്റെ കണക്കിൽ ലിംഗസമത്വത്തിൽ കേരളം മുൻനിരയിൽ നിൽക്കാനുള്ള കാരണവും അതുതന്നെ.
യഥാർത്ഥത്തിൽ ലിംഗസമത്വം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്നും പള്ളിക്കൂടങ്ങളിൽ നിന്നുമാണ്. അവിടങ്ങളിൽ നിന്നത് ക്രമേണ സമൂഹത്തിന്റെ മുഖ്യധാരകളിലേക്ക് പടർന്നുകയറിക്കൊള്ളും. ഓർക്കുക, മുഖ്യധാരയിൽനിന്നും, ജനാധിപത്യ ശ്രീകോവിലുകളിൽ നിന്നും സ്ത്രീയെ അകറ്റി നിറുത്തുന്നതിന്റെ പേര് ഭീരുത്വമെന്നു തന്നെയാണ് .