vishu

വിഷു വന്നണഞ്ഞു.

പ്രകൃതിയുടെ ഞാറ്റുവേലക്കലണ്ടർ അനുസരിച്ച് ഒരു പുതുവർഷാരംഭമാണിത് . മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കുള്ള പരിക്രമണം എന്നപോലെ, ദക്ഷിണായനത്തിൽനിന്നും ഉത്തരായനത്തിലേക്കുള്ള സംക്രമണവും . വസന്തഋതുവിൽ തിരുഓണവും ശരത്‌കാല ഋതുവിൽ തിരുആതിരയും, ഗ്രീഷ്മ ഋതുവിൽ വിഷുവും നമ്മെ ആഹ്‌ളാദഭരിതരാക്കുന്നു.
സമാവസ്ഥയോടു കൂടിയത് ,അഥവാ തുല്യാവസ്ഥയോടു കൂടിയതാണ് വിഷു. ദിനരാത്രങ്ങൾക്കു തുല്യാവസ്ഥ പ്രദാനം ചെയ്യുന്ന ദിനരാത്രങ്ങളുടെ 'വിഷു'. മീനച്ചൂടിലെ വറുതിയുടെ നാളുകളിൽ മേടത്തിലേക്കു വിളിച്ചുണർത്തി പാടവും കൃഷിയിടങ്ങളും മേളപ്പകിട്ടേകാൻ ഒരുങ്ങുമ്പോൾ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിച്ച സൂര്യൻ നേരെ കിഴക്കുദിക്കുന്നു . കാർഷികാഭിവൃദ്ധിയുടെ ഒരു വർഷത്തെ തിട്ടപ്പെടുത്തലുകൾ ഇവിടെ നമുക്ക് കാണാം .
സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ വരുന്ന വിഷുവേളയിൽ ദിനരാത്രങ്ങൾ തുല്യമായിരിക്കും. അശ്വതി ഞാറ്റുവേല മുതൽ രേവതി ഞാറ്റുവേല വരെ ഭൂമിയും സൂര്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ആകാശമണ്ഡലത്തെ പന്ത്രണ്ടു രാശികളായി തിരിച്ചിരിക്കുന്നു ഇതനുസരിച്ച് തുലാവിഷുവും മേടവിഷുവും വന്നുചേരുന്നു. ഇതിൽ സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയമാണ് വിഷുക്കാലം .
ജ്യോതിശാസ്ത്രപരമായും ദേശീയമായും സാംസ്‌കാരികമായും ഏറെ പ്രാധാന്യമുണ്ട്, വിഷുവിന് . ജ്യോതിശാസ്ത്രപരമായി വിഷു പുതുവർഷമാണെങ്കിൽ, സാംസ്‌കാരികമായി ഇത് കാർഷികോത്സവവുമാണ് . വിഷു ഞാറ്റുവേല ശ്രദ്ധേയമാണ് .'അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും' എന്ന ചൊല്ലുതന്നെയുണ്ട് . അതായത് അവ രണ്ടും കേടുവരില്ല എന്നതുതന്നെ. ഞായറിന്റെ (സൂര്യന്റെ ) സഞ്ചാരത്തെയാണ് 'ഞാറ്റുവേല' എന്ന് പറയുന്നത് .
കണികണ്ടു തൊഴുതശേഷം ഉടനെ വീണ്ടും ഉറങ്ങരുത് എന്ന് പറയും. അങ്ങനെ ചെയ്താൽ കണികണ്ട ഫലം ഇല്ലാതാകുമെന്നാണ് . പക്ഷേ , കണികണ്ടുണരുന്ന ഉൾക്കണ്ണുകൾ സ്വസമാജത്തിന്റെ നേർക്ക് അടഞ്ഞു പോകാതിരിയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കുമ്പോഴാണ് കണികണ്ടുണരുന്നതിന്റെ മഹത്വം തിരിച്ചറിയപ്പെടുന്നത് .
സൃഷ്ടിയുടെ ഭാഗങ്ങളായ വൃഷ്ടിയും സമഷ്ടിയും ഇവിടെ സമന്വയിക്കുന്നു. പരസ്പര ആദരത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സംതൃപ്തിയുടെയും മുഹൂർത്തമാണിത് .
വിഷുപ്പുലരിയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയും വിഷുവത്തും വിഷുപ്പക്ഷിയും വിഷുവേലയും വിഷുകാർഷിക കാഴ്ചയും എന്തിനു വിഷുപ്പടക്കവുമെല്ലാം ഉൾക്കൊണ്ട ആഘോഷം നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഉത്കൃഷ്ട സംഭാവനകളുടെ ഉദാത്ത സ്മൃതികളാണ് വരച്ചുകാണിക്കുന്നത് .
കണികാണുക എന്നത് സൗഭാഗ്യദായകമാണ് . പക്വഫലങ്ങളാണ് കണികാണേണ്ടത്. മഞ്ഞപ്പട്ടണിഞ്ഞ കണ്ണനെ കണികാണുന്നതു മംഗളസൂചകവും സ്വർണാഭരണം കാമത്തെയും കണ്ണാടി മോക്ഷത്തെയും ആത്മബോധത്തെയും പ്രകടിപ്പിയ്ക്കുന്നു . കൊന്നപ്പൂവ് ഗുണാനുഭവ സമ്പൂർണ സമൃദ്ധിയെ സൂചിപ്പിക്കുന്നു. താളിയോല ഗ്രന്ഥമാകട്ടെ ധാർമ്മിക ചിന്തയിലേക്കുള്ള വഴിതെളിക്കുന്നു . ഇതെല്ലാം ഒരേ ഐകരൂപ്യത്തിന്റെ നാനാപ്രകാരേണയുള്ള 'നാനാത്വത്തിൽ ഏകത്വ' മെന്ന കാഴ്ചയുടെ ചിന്തയുടെ സൗന്ദര്യമാണെന്നും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു .
പണ്ടുകാലത്ത് പ്രകൃതിയെ ആരാധിച്ചിരുന്ന ഭരണാധികാരികളും ഭൂവുടമകളും ഏതു വ്യതിരിക്തതകൾക്കിടയിലും പാരസ്പര്യത്തിന്റെ ഉത്കൃഷ്ടത പുലർത്തിയിരുന്നു എന്നതിന്റെ തിരുശേഷിപ്പുകളാണ് ഈ ആചാരവൈവിദ്ധ്യങ്ങളെല്ലാം തന്നെ എന്നതിന് സംശയമില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 'ബിഹു 'വും 'വൈശാഖി'യും ആന്ധ്രയിലെയും കർണാടകത്തിലെയും 'ഉഗാദി' (യുഗാദി ) യും വിഷുവിനു സമാനമാണ് .
കണികണ്ടുണർന്നും കൈനീട്ടം വാങ്ങിയും കാർഷിക കേരളത്തിന്റെ പുതുവർഷമായ 'വിഷു' സമൃദ്ധമായ നന്മയുടെ ഉത്സവമായി നമുക്കെന്നും മനസിൽ കാത്തുസൂക്ഷിക്കാം.