മുംബയ്: ആഴ്ചയുടെ ആദ്യദിവസം ഓഹരി വ്യാപാരം ആരംഭിച്ചത് കനത്തനഷ്ടത്തോടെ. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരി വിപണി കൂപ്പുകുത്തുകയായിരുന്നു. സെന്‍സെക്‌സ് നഷ്ടം 1214 പോയിന്റായി. നിഫ്റ്റി 360 പോയിന്റും താഴ്ന്നു. സെന്‍സെക്‌സ് 813 പോയിന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയിന്റ് താഴ്ന്ന് 14,589ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നത്. 1,68,912 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബയില്‍ ലോക്ഡൗണ്‍ സാഹചര്യമുണ്ടാതാണ് ഓഹരി വിപണിയെ പ്രധാനമായും ബാധിച്ചത്. ഈ ആഴ്ചതന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 386 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികള്‍ക്ക് മാറ്റമില്ല. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, നെസ് ലെ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, എല്‍ആന്‍ഡ്ടി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്മോള്‍ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.