പാണത്തൂർ (കാസർകോട്): ദാരിദ്ര്യത്തെ വരിഞ്ഞുമുറുക്കി കഠിനാധ്വാനത്തിലൂടെ പിന്നാക്ക വിഭാഗത്തിൽ നിന്ന് രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായ റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് അസി. പ്രൊഫസറാകാനെത്തുന്ന രഞ്ജിത്ത് ആർ. പാണത്തൂർ നേരിട്ടത് കടുത്ത അവഗണന. കാലിക്കറ്റ് യൂണിവേഴ്സിറ്റി രഞ്ജിത്തിന് ജോലി നൽകാതെയും പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബത്തിന് വീട് നൽകാതെയും അവഗണിച്ചെന്നാണ് ആരോപണം.
ഒഴിവുണ്ടായിട്ടും രഞ്ജിത്തിന്റെ പേര് വെട്ടിമാറ്റുകയായിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നാല് ഒഴിവുണ്ടെന്ന് 2020ൽ വിജ്ഞാപനമിറക്കിയ സർവകലാശാല, ഇന്റർവ്യൂ നടത്തിയെങ്കിലും മൂന്നുപേരെ മാത്രമെടുത്തു. എന്നാൽ നാലാം റാങ്കുകാരനായ രഞ്ജിത്തിനെ തഴഞ്ഞു. ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള സിൻഡിക്കേറ്റാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.ആ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ലെന്നാണ് വിവരം. രഞ്ജിത്തിനെ വെട്ടിമാറ്റിയ ശേഷം എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്ന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തില്ലെന്ന് റിപ്പോർട്ട് ചെയ്തെന്നാണ് ആരോപണം.പനത്തടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന രഞ്ജിത്തിന്റെ കുടുംബം പലതവണ വീടിന് അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഐ.ഐ.എമ്മിൽ ജോലി ലഭിച്ച വിവരം രഞ്ജിത്തിന് ലഭിച്ചത്. മകൻ ജോലിയിൽ പ്രവേശിക്കുന്നത് കാണാൻ പോകണമെന്നാണ് രാമചന്ദ്രന്റെയും ബേബിയുടെയും ആഗ്രഹം. 13ന് നാട്ടിലെത്തുന്ന രഞ്ജിത്തിന് വൻ വരവേല്പ് നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.