kj-chacko

ചങ്ങനാശേരി: മുൻമന്ത്രിയും ചങ്ങനാശേരി നഗരസഭാ മുൻ ചെയർമാനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വാഴപ്പള്ളി കല്ലുകളം വീട്ടിൽ കെ.ജെ. ചാക്കോ (91) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌ക്കാരം ബുധനാഴ്ച്ച നടത്തും
.

1979 ൽ മന്ത്രിയായിയിരുന്ന കെ.ജെ. ചാക്കോയാണ് പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത്. ചങ്ങനാശേരി എസ്.ബി. കോളേജിൽ നിന്ന് ബി.എയും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1964 ൽ ചങ്ങനാശേരി മുൻസിപ്പൽ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ പ്രഗത്ഭനായ ഒരു അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. ചങ്ങനാശേരിയുടെ മഹത്തായ മതസൗഹാർദ്ദ പാരമ്പര്യത്തിന് കോട്ടം വരുത്തിയ പറാൽ സംഭവത്തിന് അടിയന്തര പരിഹാരമുണ്ടാക്കുന്നതിനും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ചാക്കോ ചെയ്ത സേവനങ്ങൾ വിസ്മരിക്കുവാൻ സാധിക്കുകയില്ല.

1970 ലും 1977 ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും ചാക്കോ വിജയംവരിച്ചു. 1979 ൽ സി.എച്ച്. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭയിൽ ചാക്കോയെ ഉൾപ്പെടുത്തി. റവന്യൂ, ട്രാൻസ്‌പോർട്ട്, എക്‌സൈസ് വകുപ്പുകളിലായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മിൽമ ചെയർമാൻ, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയംഗം, ഇൻഷുറൻസ് കമ്മറ്റി മെമ്പർ, പെറ്റിഷൻ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ നിയമസഭാകമ്മിറ്റികളിൽ പ്രവർത്തിച്ചു. 1962 മുതൽ തുടർച്ചയായി വാഴപ്പള്ളി സർവ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടർ ബോർഡ് മെമ്പറായും 1984 മുതൽ 35 വർഷക്കാലം ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു. പുത്തൻപുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ഭാര്യ: ത്രേസ്യാക്കുട്ടി ചേർത്തല തൈക്കാട്ടുശ്ശേരി പറമ്പത്തറ കുടുംബാംഗമാണ്. മക്കൾ: ഡെയ്‌സി (യു.എസ്.എ), ജോയി (യു.എസ്.എ), ലിസ്സി (സയന്റിസ്റ്റ് ബി.എ.ആർ.സി), ആൻസി.മരുമക്കൾ: മാത്യൂ തോമസ് മൂങ്ങാ മുക്കിൽ (എറണാകുളം), ജൂബി ചാക്കോ ശങ്കൂരിക്കൽ, (തിരുവനന്തപുരം), പയസ്സ് റ്റി.എ തളികനേഴത്ത്, റ്റോണി കണ്ണന്താനം, (എറണാകുളം).